
1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്. നഷ്ട വെങ്കലത്തെ ചൊല്ലി പി.ടി. ഉഷ കണ്ണീരൊഴുക്കിയ വര്‍ഷം. സ്പിന്റിലും, ജംപിങ് പിറ്റിലും കാള്‍ ലൂയിസ് പറന്നിറങ്ങിയ വര്‍ഷം. പക്ഷേ മത്സരിക്കാതെ ശ്രദ്ധേയനായി ജാവിയര്‍ സോട്ടോമേയര്‍. ഒളിമ്പിക്സിന്‍ തൊട്ടു മുന്‍പ് തന്റെ പതിനാറാം വയസില്‍ സോട്ടോമേയറ് താണ്ടിയത് അന്നോളം അസാധ്യമായ 2.33 മീറ്റര്‍ ഉയരം. പുതിയ ലോക റേക്കോഡ്. പക്ഷേ ഈ പ്രതിഭയുടെ സാനിധ്യമറിയാന്‍ ലോസ് ഏഞ്ചലസിനു ഭാഗ്യമുണ്ടായില്ല. ക്യൂബ ഒളിമ്പിക്സ് ബഹിഷ്കരിച്ചു. ഫിഡല്‍ കാസ്ട്രോയ്ക്ക് എതിരെ സി.ഐ.എ. ആയുധം പണിയവേ ഓരോതവണയും പിന്നീടും സോട്ടോമെയറിന് ലോകമീറ്റുകള്‍ അന്യമായി. 1987 പാന്‍ അമേരിക്കന്‍ ഗയിംസില്‍ അദ്ദേഹം സ്വര്‍ണ്ണം നേടി. എതിരാളികളേക്കാല്‍ ഒരുപാട് ഉയരത്തില്‍. 1988 ലെ സോള്‍ ഓളിമ്പിക്സിനു മുന്‍പ് സോട്ടോമേയര്‍ തന്റെ റെക്കോര്‍ഡ് വീണ്ടും തകര്‍ത്തു. 2.43 മീറ്റര്‍. എന്നാല്‍ നിക്കരാഗ്വയ്ക്കും, ഉത്തര കോറിയയ്ക്കും പിന്തുണയേകി സോളിലേക്ക് ഇല്ലെന്ന് ക്യൂബ പ്രഖ്യാപിച്ചപ്പോള്‍ സോട്ടോമേയറിനെ സോളിനും നഷ്ടമായി.
പക്ഷേ ഒളിമ്പിക്സിനു പുറത്ത് സോട്ടോമേയര്‍ സ്വന്തം റെക്കോഡ് പുസ്തകം തിരുത്തിക്കൊണ്ടിരുന്നു. പലവട്ടം. 1989ല്‍ സാഞുവാന്‍ ഗയിംസില്‍ പുതിയ രേക്കോര്‍ഡ്. 2.45 മീറ്റര്‍. എട്ടടിയും അരയിഞ്ചും പിന്നിട്ട ഈ ഉയരം ഇന്നും അഭേദ്യം. ഒടുവില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന് സോട്ടോമേയറിനെ വരിക്കാന്‍ ഭാഗ്യം കിട്ടി. 1992 ല്‍. ഒന്‍പതു വര്‍ഷം ജമ്പിംഗ് പിറ്റ് അടക്കി ഭരിച്ച ശേഷം ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണം. പക്ഷേ അറ്റ്ലാന്റയിലെ അടുത്ത ഒളിമ്പിക്സില്‍ സോട്ടോ മേയറിന്‍ ചാട്ടം പിഴച്ചു. പന്ത്രണ്ടാമനായി കണ്ണീരൊഴുക്കി സോട്ടോമേയര്‍ എന്ന ഇതിഹാസതാരം. സിഡ്നിയില്‍ വീണ്ടും കരുത്തു കാട്ടി. പക്ഷേ ഇത്തവണ വെള്ളിയിലൊതുങ്ങി ചാട്ടം. പക്ഷേ അതിനിടെ ഉത്തേജകമരുന്നിന്റെ ആരോപണങ്ങള്‍ സോട്ടോമേയറിനു ചുറ്റും വട്ടമിട്ട് പറന്നു. പലവട്ടം നിഷ്കളങ്കത തെളിയിച്ചിട്ടും പക്ഷേ 1998ല്‍ സോട്ടോമേയറിന് 2 വര്‍ഷത്തെ വിലക്ക്. കാസ്ട്രോ അടക്കമുള്ളവര്‍ സോട്ടോമേയറിനെ ന്യായീകരിച്ചു. എങ്കിലും ഉയരങ്ങളുടെ രാജകുമാരന്‍ സംശയക്കണ്ണിലായി. ക്യൂബന്‍ വിരുദ്ധ രാഷ്ട്രീയത്തിന് കായികരംഗത്ത് ഇരയാവുകയായിരുന്നു സോട്ടോമേയര്‍.
ഇപ്പോള്‍ ബീജിംഗില്‍ ഒളിമ്പിക്സ് അംബാസിഡറാണ് അദ്ദേഹം. ഹവാനയില്‍ കരീബിയന്‍ ചെണ്ടകളുടേ തകര മേളത്തിന് ഒപ്പിച്ച് ഇന്നദ്ദേഹം താള്‍ത്തിന്റെ പുതിയ ഉയരം തീര്‍ക്കുന്നു. 17 തവണ സോട്ടോമേയര്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി. 19 വര്‍ഷമായിട്ടും ആരും മറികടന്നിട്ടില്ലാത്ത 2.45 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും സോട്ടോമേയറിന്‍ സ്വന്തം. ബീജിങ്ങില്‍ പുതിയ ഉയരം പിറന്നാലും സോട്ടോമേയര്‍ അനശ്വരനാണ് എന്തെന്നാല്‍ ഹൈജമ്പില്‍ തികവെന്തെന്ന് ലോകത്തെ അറിയിക്കാന്‍ ദൈവം നിയോഗിച്ചത് ഈ ക്യൂബക്കാരനെയാണ്.