രണ്ടു കാലങ്ങളിൽ ജീവിച്ച രണ്ടു പേരെ തമ്മിൽ താരതമ്മ്യം ചെയ്യുകയെന്നത് ഒരു രസകരമായ കാര്യമാണ്. അങ്ങിനൊരു അവസരം എനിക്ക് കിട്ടിയാൽ ഇന്ന് ഞാൻ താരതമ്യം ചെയ്യുക താത്രിക്കുട്ടിയെയും സരിത.എസ്. നായരെയും ആയിരിക്കും. രണ്ടും രണ്ടു കാലഘട്ടങ്ങൾ ആണ്. ഒന്ന് കഴിഞ്ഞ് കൃത്യമായി ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് അടുത്തത്. (കു)പ്രശസ്തിയും, പ്രവർത്തിയും എല്ലാം രണ്ടു മേഖലകളിൽ ആണ്. എന്നാലും ആത്യന്തികമായി ഇവർ രണ്ടുപേരും വിപ്ലവകാരികൾ ആണ്. വിപ്ലവം നടത്താനായി മനപ്പൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടവരല്ല ഇവര രണ്ടു പേരും എന്നതാണ് ആദ്യത്തെ താരതമ്മ്യം. ഇവർ ചെയ്ത പ്രവര്‍ത്തിമൂലം സമൂഹത്തിൽ ഉണ്ടായ വിപ്ലവം; അതാണ് താരതമ്മ്യം ചെയ്യപ്പെടെണ്ടത്. രണ്ടിനും ഒരു പൊതു സ്വഭാവമുണ്ട്. ആത്യന്തികമായി ഈ വിപ്ലവത്തിന്റെ ഗതി വിധി നിർണ്ണയിച്ചത് ഒന്ന് ഒരു സമുദായത്തിനു നേർക്കെങ്കിൽ അടുത്തത്തിന്റെ ഗതി ഒരു സർക്കാരിന് നേര്‍ക്കാണു. രണ്ട് വിപ്ലവങ്ങളും പല്ലിളിച്ച് കാട്ടുന്നത് അതാതു കാലങ്ങളിൽ സമൂഹത്തെ ഗ്രസിച്ച അപചയങ്ങളിലെക്കാണ്. രണ്ടിന്റെയും വിപ്ലവ മുന അതാതു കാലത്തെ ഭരണ തലത്തിലേക്ക് തന്നെ. ആ നിലയ്ക്കാണ് താത്രി വിചാരവും സരിതാ വിചാരവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്.
1 താത്രി വിചാരം
പണ്ടൊരു താത്രിക്കുട്ടിയുടെ കഥ കേട്ടിട്ടുണ്ട്. മലയാളിയുടെ മനസ് തന്നെ കുലുക്കിയ ഒരു വിചാരണ കഥ. സ്മാർത്ത വിചാരം. സാമുദായിക ദുർന്നടപ്പുകളുടെ അവസാനത്തെ ആണി. നമ്പൂതിരിയെ മാത്രമല്ല ഒട്ടുമിക്ക വിഗങ്ങളെയും ഒരു പോലെ വലച്ചു കളഞ്ഞു താത്രിക്കുട്ടിയുടെ മൊഴി. ഒരു സമുദായമൊന്നടങ്കം തലയിൽ മുണ്ടിട്ടു നടക്കേണ്ടുന്ന അവസ്ഥ വന്നു. നമ്പൂതിരിമാര്‍ക്കിടയിലെ സാമുദായിക വിപ്ലവത്തിന്റെ തുടക്കത്തിനും അത് ഒരു കാരണമായെന്നത് മറ്റൊരു വസ്തുത. അല്ലെങ്കിൽ അങ്ങിനെ ഒരു അനിവാര്യതയിലേക്ക് സമുദായം എത്തിച്ചേർന്നു. വി.ടി.യെപ്പോലുള്ള ഉൽപതിഷ്ണുക്കളായ ഒരു സംഘം ചെറുപ്പക്കാർ ആ വിപ്ലവത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പിന്നെ ഒരു നവോദ്ധാനം. നമ്പൂതിരിയിൽ നിന്ന് മനുഷ്യനിലേക്കുള്ള പ്രയാണം. എല്ലാം വളരെ വേഗത്തിൽ സംഭവിച്ചു.
പക്ഷെ എന്നാലും ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും അന്ന് പുരണ്ട കറ മാറിയിട്ടില്ല സമൂഹത്തിൽ നിന്നും.
അറുപത് വയസുകാരാൻ ആയ ചെമ്മന്തട്ട കുറിയേടത്ത് രാമൻ നമ്പൂതിരിയുടെ പത്നിയാകുന്നതോടെയാണ് സാവിത്രി എന്ന താത്രിക്കുട്ടി കുറിയേടത്ത് താത്രി ആകുന്നത്. ഭര്‍ത്താവിന്റെ മരണ ശേഷം ദുർ നടപ്പ് ആരോപിച്ച് സ്മാർത്ത വ്ചാരം ചെയ്യപ്പെട്ട താത്രിയുടെ കേസ് റെക്കോർഡ്സ് ഏറണാകുളത്ത് സെൻട്രൽ ആർക്കെവ്സിൽ ഇന്നും ഭദ്രം. കൊച്ചി രാജാവിന്റെ സമക്ഷത്തിൽ ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ 1905 ജൂലൈ മാസം അന്തിമ വിധി പ്രസ്ഥാവിക്കുമ്പോൾ ശിക്ഷിക്കപ്പെട്ടത് താത്രിയ്ക്ക് പുറമേ 65 പേർ. എല്ലാം താത്രിയുമായി ദുര്‍നടപ്പിൽ ഏർപ്പെട്ടവർ. എല്ലാവരും സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് പുറത്താക്കപ്പെട്ടു. താത്രിയുടെ മൊഴി എടുക്കൽ വേളയിൽ കുറ്റാരോപിതരുടെ പട്ടിക 65 കഴിഞ്ഞപ്പോൾ താത്രി കൊച്ചിരാജാവിനോട് അടുത്തയാളുടെ പേര് പറയട്ടെ എന്ന് ചോദിച്ചപ്പോൾ; "വേണ്ട ഇനി നിർത്താം " എന്ന് രാജാവ് തന്നെ പറഞ്ഞു എന്നും ഒരു കഥയുണ്ട്. കാരണം പ്രതിഭാഗത്ത് രാജാവിന്റെ പേരുകൂടി വരുമോ എന്ന് അദ്ദേഹം ഭയന്നിരുന്നുവെന്നും അങ്ങിനെ വിചാരണ അവസാനിപ്പിച്ചു എന്നും കഥ...
പില്ക്കാലത്ത് താത്രിക്കുട്ടിയുടെ കഥ ഒരു വിപ്ലവമായി പ്രകീർത്തിക്കപ്പെട്ടു. മലയാളക്കരയിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആക്ടിവ്ഷ്ടായി പോലും താത്രിയെ പലരും പരാമർശിച്ചു. പുരുഷ മേധാവിത്വത്തിനു നേരെയുള്ള ആദ്യത്തെ വിപ്ലവമാണ് താത്രി വിചാരം എന്ന് നവ ഫെമിനിസ്റ്റുകൾ അവകാശപ്പെട്ടു. വിപ്ലവാഭിവാദ്യങ്ങൾ അര്‍പ്പിക്കപ്പെട്ടു.
2 സോളാർ വിചാരം.
പഴയ സ്മാർത്ത വിചാരം കഴിഞ്ഞ് കൃത്യമായി പറഞ്ഞാല 108 വർഷങ്ങൾക്കിപ്പുറം ഒരു ജൂലൈ മാസത്തിൽ കേരളത്തിൽ സമൂഹത്തെയാകമാനം പിടിച്ച് കുലുക്കുകയാണ് സോളാർ വിചാരത്തിലൂടെ സരിതക്കുട്ടി എന്ന പുതിയ കാല വിപ്ലവ നായിക. കാഴ്ചയിൽ കുലീന. പ്രവര്‍ത്തിയും ഏതാണ്ടൊക്കെ അത് പോലെ തന്നെ. പുതിയ ഒരു വിപ്ലവത്തിന് സരിതക്കുട്ടി തുടക്കമിട്ടപ്പോൾ ഒരു പക്ഷെ അവർ പോലും കരുതിയിരിക്കില്ല കാര്യങ്ങൾ ഇത്രമേൽ വലിയൊരു സംഭവമാകുമെന്ന്. ആസ്വാദകരെ ആവേശത്തിമിര്‍പ്പിലാക്കി കൊട്ടിക്കയറുന്ന ഒരു തായമ്പക കണക്കെയായിരുന്നു നവ വിപ്ലവ നായികയുടെ ഉപകഥകൾ. പതികാലത്തിൽ തുടങ്ങി കൂറും ഇടവട്ടവും കഴിഞ്ഞ് ഒരു കൊട്ടികലാശം. ഗണേഷ് കുമാറിൽ തുടങ്ങിൽ അടൂർ പ്രകാശും, എ.പി. അനില്‍കുമാറും, ഷിബു ബേബി ജോണും, കെ.സി. വേണു ഗോപാലും, ആര്യാടനും കഴിഞ്ഞ് കൊട്ടിക്കയറി തിരുവഞ്ചൂർ വരെ എത്തി കാര്യങ്ങൾ. താളം മുറുകുന്തോറും സംഗതിയുടെ ഗതി മുഖ്യമന്ത്രിയിലെക്ക് അടുക്കുന്നു. മന്ത്രി സഭയുടെ കൊട്ടിക്കലാശത്തിലെക്കാക്കാണോ കാര്യങ്ങളുടെ പോക്ക് എന്നു തോന്നിക്കുമാറാണ് കാര്യങ്ങൾ.
വിപ്ലവം എന്നല്ലാതെ ഇതിനെ എന്ത് വിശേഷിപ്പിക്കാൻ. എന്തായാലും കേരളക്കരയാകെ പുതിയ വിപ്ലവനായികയെ ഏറ്റെടുത്തു കഴിഞ്ഞു. ഇനി പഴയ കൊച്ചി രാജാവിന്റെ കഥ ആവര്‍ത്തിക്കപ്പെടുമോ എന്തോ? ഇനി നിരത്താം എന്ന രാജാവിന്റെ ശാസന ഇവിടെയും ആവര്‍ത്തിക്കപ്പെടുമോ എന്തോ..? ശാലുവും, ബിജുവും പിന്നെ സരിതാ നായരും ഒരു വിനയൻ ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ട് ഇവിടെ. എന്തായാലും സംഗതി ജോർ ആകുന്നു. കേരളക്കരയിൽ പുതുവിപ്ലവത്ത്തിനു തുടക്കമിട്ട നവ വിപ്ലവ നായികയ്ക്ക് എന്തായാലും ഒരു ചുടു ചുവപ്പൻ വിപ്ലവാഭിവാദ്യങ്ങൾ.
പിൻ കുറിപ്പ്: സരിത.എസ്. നായരുടെ ഒരു ഫോണിലെ കോൾ റെക്കോർഡ്സ് മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളൂവത്രേ. ബാക്കികൂടി വന്നാൽ എന്താകുമോ എന്തോ അവസ്ഥ.