Sunday, August 10, 2008

ഒളിമ്പിക് ലോഗോ

ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഒളിമ്പിക്സിന് ലോഗോ തയ്യാറാക്കിയതിന് കിട്ടിയ കൂലി എത്രയെന്ന് ഊഹിക്കാമോ..? കണക്കു കൂട്ടി ബുദ്ധിമുട്ടണ്ട. അത് വഴിയെ പറയാം. എന്തായാലും ചൈനീസ് മിത്തുകളും ആധുനീകതയും സമന്വയിപ്പിക്കുന്ന അടയാള മുദ്രയെ പക്ഷേ ഇന്റര്‍നെറ്റില്‍ പക്ഷെ രാഷ്ട്രീയമായി പരിഹസിക്കുകയാണ് ചൈനീസ് വിരുദ്ധര്‍.

മാവേസേ തൂങ് തുറുങ്കിലടച്ച ഹാന്‍ മെയ്ലിന്‍ എന്ന ചിത്രകാരനാണ് ബീജിംഗ് ഒളിമ്പിക്സിന്റെ ലോഗോ തയ്യാറാക്കിയത്.


ചൈനീസ് പിക്കാസോ എന്നറിയപ്പെടുന്ന ഈ എഴുപതുകാരന് ലോഗോയ്ക്ക് പ്രതിഫലമായി ചൈനീസ് അധികൃതര്‍ നല്‍കിയ തുകയെത്രയെന്നോ..? ഒരു യുവാന്‍. അതായത് ആറുരൂപ പതിമൂന്നു പൈസ. നര്‍ത്തനമാടുന്ന ബീജൊംഗിനെ പ്രതീകരിക്കുന്ന ജിങ് ആണ് മുദ്ര. 2003ല്‍ താവോ വിശ്വാസ് കേന്ദ്രമായ സ്വര്‍ഗ്ഗ ക്ഷേത്രത്തില്‍ വച്ചായിരുന്നു ലോഗോയുടേ പ്രകാശനം. ചൈനീസ് ശുഭചിഹ്നമായ ഡ്രാഗനെ സൂചിപ്പിക്കുന്ന് ലോഗോയിലെ വളവുകള്‍. വിടര്‍ന്ന കൈകള്‍ പുതിയ ലോകത്തോടൂള്ള ക്ഷണമാണ്. ഫിനിഷിങ്ങ് ലൈന്‍ ആഹ്ലാദപൂര്‍വ്വം മറികറക്കുന്ന ആധുനീക അത്ലറ്റിന്റെ പ്രതീകം കൂടിയാണ് ചിഹ്നം. 2000 അപേക്ഷകരില്‍ നിന്നാണ് ഈ ചിഹ്നം തിരഞ്ഞെടുത്തത്. ചൈനീസ് രാശിപ്രകാരം നന്മയുടെ നിറമായതിനാല്‍ ലോഗോയുടേ പശ്ചാത്തലം ചുവപ്പാക്കി.

പക്ഷേ തിബറ്റന്‍ വിമോചന പോരാളികള്‍ പറയുന്നു; ചൈനീസ് പട്ടാളത്തിന്റെ വേടിയേറ്റു മരിച്ച വിമോചനപോരാളികളുടേ ചോരപ്പാടാണ് ഈ ലോഗോയെന്ന്.തിബറ്റന്‍ വിമോചന പോരാളിയുടെ ചോര വാര്‍ന്ന വഴിയാണ് പരിഹാസത്തിന്റെ നിറം ചാലിച്ച് ഇപ്പോള്‍ ഇന്റര്‍നെറ്റുകളില്‍ നിറയുന്നത്.

Tuesday, August 5, 2008

കൊടുങ്കാറ്റായി മരിയ വരുന്നു;അവസാന അംഗത്തിന്

ഒരു ഇതിഹാസ താരത്തിന്റെ വിടപറയലിന് ബീജിംഗ് ഒളിമ്പിക്സ് വേദിയാകും. തുടര്‍ച്ചയായ ആറാമത്തെ ഒളിമ്പിക്സിനു ശേഷം മരിയ മുട്ടോള വിരമിക്കുകയാണ്. ഇരുണ്ട ആഫ്രിക്കന്‍ മണ്ണിലെ മൊസാംബിക്ക് എന്ന രാജ്യത്തിന്റെ പതാകയേന്തി ലോകത്തെ വിസ്മയിപ്പിച്ച മരിയ മടങ്ങുമ്പോള്‍ എക്കാലത്തേയും മധ്യദൂര ഓട്ടക്കാരിയാണ് ട്രാക്ക് വിടുന്നത്.

കോഴിക്കോട്ടെ കാപ്പാട കടപ്പുറത്ത് കപ്പലിറങ്ങിയ 1498ല്‍ തന്നെയാണ് ആഫ്രിക്കയിലെ മൊസാമ്പിക്കും അടിമവ്യാപാരത്തിനു പറ്റിയ മണ്ണാണെന്ന് വാസ്കോ ഡി ഗാമ തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആഫ്രിക്കന്‍ തീരത്തുള്ള സാംബസീ നദിക്കരയിലെ മൊസാമ്പിക്ക് എന്ന കറുത്ത മണ്ണ് അങ്ങിനെ പോച്ചുഗീസ് കോളനിയായി. 1973ല്‍ മരിയാ മുട്ടോള ജനിക്കുമ്പോള്‍ ആഫ്രിക്കന്‍ വിമോചനപ്പോരാളികള്‍ അധികാരത്തെ തോക്കേന്തി വെല്ലുവിളിക്കുകയായിരുന്നു മൊസാംബിക്ക് തെരുവുകളില്‍. തലസ്ഥാനമായ മപ്പുട്ടോവിലെ പ്രാന്തങ്ങളില്‍ പച്ചക്കറി വിറ്റുനടന്ന അമ്മയ്ക്കും പത്തു ചേട്ടന്മാര്‍ക്കും ഒപ്പം അന്നേ ഓടിശീലിച്ചു മരിയയുടെ കുഞ്ഞുകാലുകള്‍. അപ്രതീക്ഷിത്മായി ആഞ്ഞുവീശുന്ന മൊസാംബിക്കിലെ ചുഴലിക്കാറ്റു പോലെയായിരുന്നു മരിയ. ആണ്‍ കുട്ടികള്‍ക്കൊപ്പം കാല്‍പ്പതുകളി കളിച്ച് അവള്‍ വളര്‍ന്നു.

കറുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടിയില്‍ ഭാവി ചാമ്പ്യനെ കണ്ടത് മൊസാംബിക്ക് കവി ഹോസേ ക്രാവേരിയാണ്. കോച്ചിംഗ് ക്യാമ്പുകളില്‍ മരിയ വിസ്മയമായി. കാര്യമായ പരിശീലനമില്ലതെ തന്നെ പതിനഞ്ചാം വയസില്‍ സോള്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം. 90ലെ ആഫ്രിക്കന്‍ ഗയിംസില്‍ സ്വര്‍ണ്ണം. വിദേശ പരിശീലനത്തിന് മൊസാംബിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. മരിയ പതറിയില്ല. ഒടുവില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി ഇടപെട്ടു. ഒടുവില്‍ അമേരിക്കറ്യില്‍ പരിശീലനം. അത്ലറ്റുകള്‍ ട്രാക്കുമാറി മരിയയ്ക്കു മുന്നില്‍ ഇടിച്ചു വീണു. എന്നിട്ടും മരിയയ്ക്ക് നാലാം സ്ഥാനം. ബാര്‍സലോണയില്‍ അഞ്ചാമത്. അറ്റ്ലാന്റയില്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ശേഷം വെങ്കലം. ഒടുവില്‍ കാത്തിരിപ്പിന് സിഡ്ണിയില്‍ വിരാമം. ഇരുണ്ട മൊസാമ്പിക്കിന് ആദ്യ ഒളിമ്പിക് സ്വര്‍ണ്ണം.

കഴിഞ്ഞ തവണ ഏതന്‍സില്‍ നാലാമതായിട്ടും പേശിവലിവില്‍ മരിയ സന്തോഷിച്ചു. എന്തെന്നാല്‍ സ്വര്‍ണ്ണം കൂട്ടുകാരി കെല്ലി ഹോംസിനായിരുന്നു. 14 തവണ മരിയ മുട്ടോള ലോക അത്ലറ്റിക് മീറ്റില്‍ ചാമ്പ്യനായി. ക്യൂബയുടെ അന്നാക്യൂറോട്ട്, ഓസ്ട്രിയയുടേ സ്റ്റെഫാനി ഗ്രാഫ്, റഷ്യയുടേ സ്വറ്റ്ലാനാ മസ്റ്റര്‍ക്കോവ തുടങ്ങി 800 മീറ്റര്‍ ട്രാക്കില്‍ മരിയയോടേറ്റ് തീപാറിച്ചവരെല്ലാം ഇത്തവണ കാഴ്ച്ചക്കാര്‍ മാത്രം. അവസാന ഒളിമ്പിക്സിന് മരിയ വരുന്നു ബീജിംഗിലേക്ക്. പോരാട്ടം കൌതുകകരമാണ്. മരിയ സ്ഥാപിച്ച ആഫ്രിക്കന്‍ റെക്കാര്‍ഡ് രണ്ടുമാസം മുന്‍പ് തിരുത്തിയ കെനിയന്‍ പെണ്‍കുട്ടി പമേലാ ജലീമോയും ഇത്തവണ ബീജിംഗിലുണ്ട്. സോളില്‍ മരിയ ഒളിമ്പിക്സില്‍ അരങ്ങേറിയതിന്റെ പിറ്റേക്കൊല്ലം മാത്രം ജനിച്ച പെണ്‍കുട്ടി. പക്ഷേ മരിയ പറയുന്നു “ അതെന്തുമാവട്ടെ ഒരാള്‍ക്ക് നിശ്ചയ ദാര്‍ഢ്യവും അയാളെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല.” പറയുന്നത് മറ്റാരുമല്ല മരിയ. സാഹചര്യങ്ങളോട് മല്ലടിച്ച്; നിശ്ചയ ദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം ഏഴാം ഒളിമ്പിക്സിനെത്തിയ മരിയ മുട്ടോള.

Sunday, August 3, 2008

ചര്‍ച്ച ചെയ്യാതെ പോകുന്ന ചില ആണവകാര്യങ്ങള്‍

ആണവ മാലിന്യം എവിടെ നിക്ഷേപിക്കുമെന്ന ആശങ്കകള്‍ ബാക്കിയാക്കിയാണ് പുത്തിയ ആണവ റിയാക്ടറുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും കടന്നു വരാന്‍ ഒരുങ്ങുന്നത്. ചര്‍ച്ചകളില്‍ ഉയരാതെ പോകുന്നതും ആണവ മാലിന്യത്തിന്റെ പ്രതിസന്ധികളാണ്.

ആണവ ദുരന്തത്തിന്റെ മുഖം ലോകത്തെ പരിചയപ്പെടുത്തിയത് ചെര്‍ണ്ണോബില്‍ ദുരന്തമാണ്. അന്നോളം ഹിരോഷിമയുടേയും, നാഗസക്കിയുടേയും ദുരന്തസ്മൃതികളിലായിരുന്നു ആണവ ചര്‍ച്ചകള്‍. എന്നാല്‍ സോവ്യേറ്റ് യൂനിയന്റെ ഇരുമ്പുമറ തകര്‍ത്ത് ചെര്‍ണ്ണോബില്‍ എരിഞ്ഞു. പുറത്തുവന്ന മരണക്കണക്ക് ഒന്നേക്കാല്‍ ലക്ഷം. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഉപരിതലം മാത്രം. പുറത്തു വരാത്തത് എത്രയോ ഇരട്ടിയായിരുന്നു. എന്നാല്‍ സമാധാനപരമായ ആണവോര്‍ജ്വുമായി ലോകം മുന്നോട്ടു നീങ്ങി. പക്ഷേ അമേരിക്കന്‍ ആണവ വ്യവസായം തൊണ്ണൂറുകളില്‍ നീങ്ങിയത് കനത്ത പ്രതിസന്ധികളിലേക്കാണ്. ജി.ഇയും, വെസ്റ്റിഗ് ഹൌസും അടക്കമുള്ള കുത്തകകള്‍ കനത്ത തകര്‍ച്ച നേരിട്ടു. 7100 കോടി ഡോളര്‍ വാര്‍ഷിക ഇളവ് നല്‍കിയാന് സര്‍ക്കാര്‍ വ്യവസായത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. അന്യരാജ്യ് കുത്തകകളുമായി തട്ടിച്ച് ഇളവിന്റെ മൂല്യം അളന്നാല്‍ മിക്ക അമേരിക്കന്‍ കുത്തകളും നികുതി ദായകന്റെ പോക്കറ്റടിക്കാരാണെന്ന് സാക്ഷാല്‍ നോം ചോംസ്കി പറഞ്ഞതും ഇതുകൊണ്ടാണ്. വൈകാതെ വ്യവസായം തകര്‍ന്നു. പഴയ ഡിപ്പര്‍ട്ട്മെന്റ് ഏജന്‍സിയുടെ പുതിയ രൂപമായ യു.എസ് എന്റിച്മെന്റ് കോര്‍പ്പറേഷന്‍ പതിനായിരം കോടി ഡോളറിന്റെ ബാധ്യതയിലായി. നാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇപ്പൊള്‍ അമേരിക്കയിലെ മിക്ക ആണവ റിയാക്ടറുകളും. ഇവ നവീകരിക്കാന്‍ ചിലവു താങ്ങുന്നില്ല. ആണവമാലിന്യം ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്കെതിരെ കൂടുതല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുകയാണ് അമേരിക്കയില്‍. കാരലിനയിലെ സാവന്ന തീരത്തെ യൂക്കാമൌണ്ടനില്‍ ആണവ വിരുദ്ധ സമരം ശക്തമാകുന്നത് ഇതിനു തെളിവ്. മസാച്ചുസെറ്റ്സിലെ യാങ്കിറോവ് ആണവ നിലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

വരികയാണ് ഇന്ത്യയിലെക്കും ആണവറിയാക്ടറുകള്‍. അമേരിക്കന്‍ ആണവ റിയാക്ടറുകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ ഇതിനായി ഇന്ത്യയില്‍ എറ്റെടുക്കേണ്ട സ്ഥലം എത്രയെന്നും, ഇതുയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ എന്തൊക്കെയെന്നും ഇനിയും വ്യകതമായിട്ടില്ല. കെമിക്കല്‍ ഹബ്ബുകളും ആണവ നിലയങ്ങളും പശ്ചിമ ബംഗാളില്‍ സ്വാഗതം ചെയ്യുന്ന സി.പി.എമ്മിനും പാരിസ്ഥിതിക ദുരന്തത്തിന്റെ ആശങ്കയില്ല. നന്ദിഗ്രാമിലെ പാടങ്ങളെ സലിം ഗ്രൂപ്പിന് കൈമാറാന്‍ മടികാണിക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയത്തിന് വോട്ടുപെട്ടി രാഷ്ട്രീയത്തിനപ്പുറം ആണവായുധം വേവലാതിയല്ല. പൊഖറാനില്‍ ബോംബ് പൊട്ടിക്കാന്‍ അനുമതി വേണമെന്നേ ബി.ജെ.പിക്കും നയപരമായി ആവശ്യമുള്ളൂ. ഒന്നുറപ്പ്, ഭൂമിയിലെ ഏറ്റവും ഭാരമുള്ള സ്വാഭാവിക മൂലകമായ യുറേനിയം കിട്ടാന്‍ നടത്തുന്ന ഒത്തു തീര്‍പ്പുകള്‍ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ നിക്ഷേപമുള്ള തോറിയം ശേഖരത്തെ മുന്‍ നിര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ക്ക് ഭാവിയില്‍ തടസമാകും.

Friday, August 1, 2008

അസ്തമിച്ച വിപ്ലവ സൂര്യന്‍

പഞ്ചാബിന്റെ ഗോതമ്പ് പാടങ്ങള്‍ക്കുമേല്‍ ജ്വലിച്ചുയര്‍ന്ന ബദാലയിലെ വിപ്ലവ സൂര്യന്‍ അസ്തമിക്കുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരോജ്വലമായ ഇതിഹാസമാണ് ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ മരണത്തോടേ അവസാനിക്കുന്നത്. അവിഭകത ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്‍പ്പു കൂടിയാണ് സുര്‍ജിത്തിന്റെ ജീവിതം.

1916 മാര്‍ച്ച് 23ന്‍ ജലന്ധറിലെ ബദാലയില്‍ ജനിക്കുമ്പോള്‍ ഹര്‍ക്കിഷന്‍ സിങ്ങ് സുര്‍ജ്ജിത്ത് ശ്വസിച്ചത് പാരതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി ഭഗത് സിങ്ങും, സുഖ്ദേവും, രാജ് ഗുരുവും നടത്തിയ പോരാട്ടം കണ്ട് സുര്‍ജ്ജിത് വളര്‍ന്നു. സമപ്രായക്കാര്‍ ഗോതമ്പ് പാടത്ത് ഹോക്കി കളിക്കാന്‍ പോയപ്പോള്‍ സുര്‍ജിത്ത് നടന്നത് നവ് ജവാന്‍ സഭയിലേക്കാണ്. വെള്ളക്കാര്‍ക്കെതിരെ പോരാടാന്‍ ഭഗത് സിങ്ങ് സ്ഥാപിച്ച സംഘടനയിലേക്ക്. അതേ ഭഗത് സിങ്ങിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ലോകം സുര്‍ജ്ജിത്തിന്റെ വരവറിഞ്ഞു. ഹോഷിയാര്‍ പുരിലെ കോടതി മുറി നടുങ്ങിത്തെറിച്ചു. ഒരു പതിനാലുകാരന്‍ പയ്യന്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ മുദ്രാവക്യം മുഴക്കി മൂവര്‍ണ്ണ കൊടി ഉയര്‍ത്തി. രണ്ടു തവണ പോലീസ് വെടിവച്ചു. പക്ഷേ ഭഗത് സ്ഇങ്ങിന്റെ ആവേശം മനസില്‍ ജ്വലിപ്പിച്ച ആ പയ്യന്‍ കൊടി ഉയര്‍ത്താതെ തളര്‍ന്നു വീണില്ല. വിചാരണ വേളയില്‍ കോടതി വീണ്ടും ഞട്ടി. വെള്ളക്കരന്‍ ജഡ്ജി പേരു ചോദിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ജനിച്ച സിങ്ങാണ് ഞാനെന്ന് ആ പതിനാലുകാരന്‍ വിളിച്ചു പറഞ്ഞു. തടവറകളെ അന്നേ ശീലിച്ചു സുര്‍ജ്ജിത്ത്. ആ സമര വീര്യത്തെ സഹിക്കാനുള്ള ശേഷി ഇല്ലായിരുന്നു കോണ്‍ഗ്രസ്സിന്. 1936ല്‍ സുര്‍ജ്ജിത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പഞ്ചാബില്‍ കര്‍ഷകരെ സംഘടിപ്പിച്ചു. കിസാന്‍ സഭ രൂപീകരിച്ചു. ദുഖി ദുനിയ എന്ന പ്രസിദ്ധികരണമിറക്കി.

പക്ഷെ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോഴും സുര്‍ജ്ജിത് സ്വതന്ത്രനായിരുന്നില്ല. ഇന്ത്യന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയൊപ്പോള്‍ വിപ്ലവത്തിന്റെ സാധ്യത തേടി അണ്ടര്‍ ഗ്രൌണ്ടിലായിരുന്നു സുര്‍ജ്ജിത്ത്. മൂവര്‍ണ്ണ കൊടി ഉയര്‍ത്താന്‍ നോക്കി കൊളോണിയല്‍ കൂലിപ്പട്ടാളത്തിന്റെ വെടിയേറ്റു വീണ ബാലന്‍; ഒരര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടയില്‍ പട്ടാളത്തിന്റെ കാവലില്‍ ദേശീയ പതാക ഉയരവേ ഉറക്കമൊഴിച്ച് ചെങ്കൊടി കാത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ക്രൂരമായ വഴി പിരിയലുകളായിരുന്നു. കൊളോണിയലിസം നവകൊളോണിയലിസത്തിനു വഴിമാറിയതും ഇങ്ങിനെയൊക്കെയാണ്.

സി.പി.എമ്മിന്റെ തുടക്കം തൊട്ടേ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു ഹര്‍കിഷന്‍ സിങ് സിങ്ങ് സുര്‍ജ്ജിത്ത്. ആകര്‍ഷിച്ച് ഒപ്പം കൊണ്ടു നടക്കുന്ന വലിയൊരു തൊഴിലാളി വര്‍ഗ്ഗ് ആള്‍ക്കൂട്ടമോ പ്രത്യയശാസ്ത്ര വിഷയങ്ങളെ തലനാരിഴ കീറുന്ന ബുധിജീഎവിയുടെ കണിശതയോ ഇല്ലാതിരുന്നീട്ടും 90കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാര ഗതികളെ അതി നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞ വ്യക്തിയെന്ന നിലയ്ക്കാകും ഒരുപക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ സുര്‍ജ്ജിത്ത് ഇടം നേടുന്നത്.

പില്‍ക്കാലത്ത് സ്വയം വിമര്‍ശിച്ച കല്‍ക്കത്താ തീസീസിലൂടെ വിപ്ലവം നടത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ നാടൊട്ടുക്ക് സായുധ പോരാട്ടം സംഘടിപ്പിക്കുന്നതിനിടയിലേക്കാണ് ജയിലില്‍ നിന്ന് സുര്‍ജ്ജിത്ത് പുറത്തെത്തുന്നത്. കല്‍ക്കത്താ തീസീസിന്റെ കാലശേഷം ഒളിജീവിതം വിട്ട സുര്‍ജ്ജിത്ത് പാര്‍ട്ടിയുടേ പഞ്ചാബ് ഘടകം സെക്രട്ടറിയായി. അറുപതുകളുടെ തുടക്കം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടേ പ്രത്യയശാസ്ത്രപ്പോര് പാരമ്യതയിലെത്തിയ കാലം. ലോക കമ്മ്യൂണിസത്തില്‍ റഷ്യയ്ക്കോ ചൈനയ്ക്കോ ചുവപ്പ് കൂടുതല്‍ എന്ന തര്‍ക്കത്തില്‍ ഇന്ത്യന്‍ ചെങ്കൊടി നെടുകേ കീറി. 1964 ല്‍ റിവിഷനിലിസത്തിനെതിരെ സി.പി.ഐയ്യുടെ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ സുര്‍ജ്ജിത്തുമുണ്ടായിരുന്നു. ആന്ധ്രയിലെ തെന്നാലിയില്‍ പിളര്‍ന്നിറങ്ങിയവര്‍ പിന്നീട് കൊല്‍ക്കത്തയില്‍ സി.പി.എം രൂപീകരിച്ചപ്പോള്‍ ആദ്യ ഒന്‍പതംഗ്അ പി.ബിയിലെ ബേബിയായിരുന്നു സുര്‍ജ്ജിത്ത്. എ.കെ.ജിയും, ഇ.എം.എസും, സുന്ദരയ്യയുമടങ്ങുന്ന നേതൃനിരയിലെ ചെറുപ്പക്കാരന്‍. ഇ.എം.എസിനു സേഷം 1992ല്‍ അദ്ദേഹം പാര്‍ട്ടിയുടേ ജനറല്‍ സെക്രട്ടറിയായി. ബുദ്ധികൂര്‍മ്മതയാല്‍ ഇ.എം.എസ് അടക്കി നിര്‍ത്തിയ പ്രത്യയശാസ്ത്രപ്രശ്നങ്ങളും; വിഭാഗീയ പ്രശ്ങ്ങളുമെല്ലാം പാര്‍ട്ടിയില്‍ സജീവമായകാലം. നൃപന്‍ ചക്രവര്‍ത്തിയെപ്പോലെ കരുത്തുറ്റ നേതാവിനെപ്പോലും ഗ്രൂപ്പുപോരിന്റെ പേരില്‍ പാര്‍ട്ടി ബലി കൊടുത്തു. അമേരിക്കന്‍ തത്വ ചിന്തയില്‍ മേല്‍ക്കൈ നേടിയ പ്രാഗ്മാറ്റിക്ക് രാഷ്ട്രതന്ത്രത്തിന്റെ ചേരുവകള്‍ക്ക് സ്ദൃശമായ രാഷ്ട്രീയ സമവാക്യങ്ങളിലൂടേ സുര്‍ജിത്ത് പ്രതിസന്ധികളെയെല്ലാം മറികടന്നു. വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളിലൂടെ, ബിജെ.പിയെ ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതിലൂടെ ഇടത് മതേതര സഖ്യങ്ങള്‍ക്ക് വഴിയൊരുക്കിയതിലൂടെ, എന്നും മൂന്നാം മുന്നണിക്ക് സാധ്യതതേടിയതിലൂടെ. അങ്ങിനെ ഇരുപതാം നൂറ്റാണ്ടിന്റെ അവ്സാനത്തെ പതീറ്റാണ്ടില്‍ ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറായി സുര്‍ജ്ജിത്ത്.

അദികാര രാഷ്ട്രീയത്തിന്റെ നല്ല അടുപ്പക്കാരായി എങ്ങിനെ കമ്മ്യൂണിസ്റ്റുകളെ എങ്ങിനെ മാറ്റാമെന്ന് സുര്‍ജ്ജിത്ത് പുതിയ പ്രത്യയശാസ്ത്ര പാഠം രചിച്ചു. അതിന്റെ ഭാഗമെന്നോണംകേന്ദ്രത്തിലെ അധികാര ഒത്തുതീര്‍പ്പുകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുമായി ഇടതുപക്ഷത്തെ അടുപ്പിച്ചതും മര്റ്റാരുമല്ല. മുലായത്തില്‍ നിന്ന് ലാലുവിലേക്കും, ദേവഗൌഡയിലേക്കും ഏതൊക്കെ കോണികള്‍ എപ്പോഴൊക്കെ ചായ്ച്ചും ചരിച്ചും വയ്ക്കണമെന്ന് ഈ തന്ത്രജ്ഞന്‍ ദേശീയ രാഷ്ട്രീയത്തിന് കാട്ടിതന്നു. ഇടതു തീവ്രവാദത്തിനും വലതു വ്യതിയാനത്തിനും വിട്ടുകൊടുക്കാതെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ എങ്ങിനെ അധികാരമേറ്റാമെന്ന അടവുനയങ്ങള്‍ കൂടി പാര്‍ട്ടിക്ക് സമ്മാനിച്ചാണ് ഗോതമ്പുപാടത്തുയര്‍ന്ന രക്തനക്ഷത്രം ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്.