Saturday, January 11, 2014

ആപ്പും, കുറ്റിച്ചൂലും, ന്യൂജനറേഷൻ കാലവും

എല്ലാ കാലത്തും നമുക്കു ചുറ്റും കാണാറുള്ള ചില പ്രത്യേക തരംഗങ്ങൾ ഉണ്ട്‌. ഒരു തരംഗം പിന്നീടൊരിക്കലും ആവർത്തിക്കപ്പെടാറുമില്ല. അധവാ ആവർത്തിക്കപ്പെട്ടാലും പിന്നീട്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. വർണ്ണ മഴ പെയ്യുമ്പോൾ നാടൊട്ടുക്കും അത്‌ തന്നെ, കിണറിടിയുന്ന കാലമായാൽ നാടൊട്ടുക്കുള്ള കിണറുകളും ഇടിയുന്നു, സൂര്യാഘാതം വാർത്ത വന്നപ്പോൾ നാടു മുഴുവനും കേട്ടു ഈ വാർത്ത. എന്നാൽ തൊട്ടടുത്ത കൊല്ലം കാര്യമായ ആഘാതങ്ങളൊന്നും ഈ സൂര്യൻ ഏൽപ്പിച്ചതുമില്ല. ഇതൊക്കെ പാരിസ്ഥിതിക വിഷയങ്ങൾ. ഇനി മാനുഷിക വിഷയങ്ങൾ എടുത്താലും ഇതിനു നിരവധി ഉദാഹരണങ്ങൾ കാണാം. ബ്ലാക്ക്‌ മാൻ ഇറങ്ങിയപ്പോൾ കേരളമൊട്ടുക്ക്‌ ഈ കരിമനുഷ്യൻ പ്രത്യക്ഷപ്പെട്ടു, റിപ്പറുടെ കാലത്ത്‌ റിപ്പർ, എന്തിനു നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ പോലും ഒരു തരംഗമായി ഇവിടെ വീശിയടിച്ചു. എല്ലാം താൽക്കാലിക പ്രതിഭാസം കണക്കെ സാവകാശം വിസ്മൃതിയിലുമാണ്ടു. 
പറഞ്ഞു വരുന്നത്‌ കുറ്റിച്ചൂലുമേന്തി ദില്ലിയിൽ  നവ പ്രതിഭാസമായി മാറിയ  ആം ആദ്മിയെ പറ്റിയാണു. ആം ആദ്മി പാർട്ടിയിൽ നിന്ന് ക്ഷണം വന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സുഹൃത്ത് പാർട്ടിയിൽ  വേണ്ടയോ എന്നറിയാൻ  ഫേസ്ബുക്കിലൂടെ ഒരു അഭിപ്രായ സർവ്വേ നടത്തിയത് കണ്ടു. അതിന്റെ  അടിസ്ഥാനത്തിൽ ആണ് ഈ പോസ്റ്റ്‌ എന്ന്  പറയേണ്ടിയിരിക്കുന്നു കാരണം ഇനിയുള്ള ഈ ലേഖനത്തിന്റെ ഗതിയിൽ ഇടയ്ക്ക് എങ്കിലും  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ആവശ്യമായി വരും. എന്തായാലും കുറ്റിച്ചൂലുമേന്തിയെത്തിയവർ ഡൽഹിയെ തൂത്തുവാരിക്കഴിഞ്ഞു. ചുരുങ്ങിയ പക്ഷം ഡൽഹിയിൽ എങ്കിലും അവർ ഒരു തരംഗം അവർ സൃഷ്ടിച്ചും കഴിഞ്ഞു. അതിന്റെ അനുരണനങ്ങൾ തീര്ച്ചയായും ഇതര സംസ്ഥാനങ്ങളിൽ പ്രതീക്ഷിക്കാം. അത് കണക്കിലെടുത്ത് വരും ഇലക്ഷനിൽ രാജ്യമൊട്ടുക്ക്‌ ഒരു ചുഴലിക്കാറ്റായി വീശിയടിക്കാനുള്ള സാധ്യതയും രാസ്ത്രീയത്തിലെ കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുകയും ചെയ്തു. രാഷ്ട്രീയ പരീക്ഷണ ശാലകളിൽ ഇതിനോടകം തന്നെ പ്രസ്തുത ചുഴലിക്കാറ്റിനെ വഴി തിരിച്ചു വിടാനുള്ള പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. അതെന്തായാലും ഈ കാറ്റ്‌ കേവലമൊരു തരംഗമാകാതെ പോകണമെങ്കിൽ തെല്ലു വിയർപ്പൊഴുക്കേണ്ടി വരും കുറ്റിച്ചൂലുകാർക്ക്‌. 

ആശയപരമായി വളരെ മികച്ചതും സാധാരണക്കാരന്റെ ആത്മ നൊമ്പരങ്ങൾ ഉൾക്കൊണ്ടതുമാണു ആം ആദ്മിയുടെ പ്രചാരണ വാഗ്ദാനങ്ങൾ.  ഒന്നും നഷ്ടപ്പെടാനില്ലാത്ത പ്രസ്ഥാനം. അഴിമതി വിരുദ്ധത തുരുപ്പ് ചീട്ട് .  ആരെയും പേടിക്കാതെ ഡൽഹിയിൽ ആദ്യ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളാണ് അടിസ്ഥാന ജനതയുടെ  യഥാർത്ഥ പാർട്ടി എന്നും അവർ പ്രഖ്യാപിച്ച് കഴിഞ്ഞു.  പക്ഷെ കൃത്യമായ ഒരു പ്രത്യയ ശാസ്ത്ര ചട്ടക്കൂടുകളോ കണിശവും സംഘടിതവുമായ സംഘടനാ സംവിധാനങ്ങളോ ഇല്ലാത്തത്‌ ഈ ആൾക്കൂട്ട പാർട്ടിയുടെ പ്രധാന ന്യൂനതയാണു. ഇന്തൃയെപ്പോലെ വിശാലവും പ്രശ്ന സങ്കീർണവുമായ ഒരു രാജൃത്ത് ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൽ അതിഷ്ഠിതമായ  യാതൊരു  വ്യവസ്ഥാപിത നിലപാടുകളുമില്ലാതെ അഴിമതി വിരുദ്ധത മാത്രം കൈ മുതലായി പിടിച്ച് ദീർഖ കാലം നില്ക്കുക പ്രയാസകരമായിരിയ്ക്കും.

കൂടാതെ ഒരു കെജ്രിവാളിനപ്പുറം ഒരു ആൾപ്പിടിയൻ (ക്രൗഡ്‌ പുള്ളർ) നേതാവില്ല എന്നതും ആം ആദ്മിയെ കേവലമൊരു ആൾക്കൂട്ടമാക്കുന്നു. ഒരു ആൾക്കൂട്ടത്തിന്റെ മനശാത്രം ആർക്കും നിർവ്വചിക്കാൻ സാധിക്കില്ല എന്ന പൊതു തത്വവും ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്ന വസ്തുതയാണു. ഒരു പ്രത്യേക ഘട്ടത്തിൽ ആർക്കും നിയന്ത്രിക്കാനാകാതെ വരുന്ന അത്രമേൽ വന്യമായ ശക്തി പ്രകടിപ്പിക്കുമെങ്കിലും ഒറ്റയ്ക്ക്‌ ആയാൽ ആട്ടിൻ കുട്ടി കണക്കെയാവുന്ന വിശേഷ സ്വഭാവമാണു അത്‌. അതിനാൽ ഇന്നത്തെ ആൾക്കൂട്ടം ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ഉണ്ടാകുമോ എന്നത്‌ കണ്ടു തന്നെ അറിയേണ്ടതാണു.

 പുതിയ അംഗങ്ങളെ ചേർക്കുന്നതിലെ ശാസ്ത്രീയത ഇല്ലാത്തതാണു മറ്റൊരു വിഷയം. കൃത്യമായ തരം തിരിക്കലും പരിശോധനയും ഇല്ലാതെ ആർക്കു വേണമെങ്കിലും അംഗത്വം നൽകുന്ന രീതി ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല. അടിയുറച്ച പാർട്ടി അണികൾ ആണു എല്ലാ പ്രസ്ഥാനങ്ങളുടേയും നട്ടെല്ല്. എന്നാൽ ഇവിടുത്തെ അംഗങ്ങളിൽ ബഹു ഭൂരിപക്ഷവും ഇന്നലെ വരെ കടുത്ത അരാഷ്ടീയ വാദികളായി നടന്നവരാണെന്നത്‌ മറ്റൊരു വസ്തുതയാണു. ഒരു വർച്ച്വൽ ലോകത്തെ കേവല നേരമ്പോക്ക്‌ നിലപാടുകൾക്കപ്പുറം ഈ സോഷ്യൽ നെറ്റ്വർക്കിംഗ്‌ സൈറ്റുകളിലെ അഭിപ്രായ സമന്വയത്തെ കാനാനാകില്ലെന്നതും ഈ നിലപാടുകൾക്ക്‌ പോലും സ്ഥായിയായ ഭാവമില്ലെന്നതും ഇത്തരം സൈറ്റുകളിൽ അനുഭവ സമ്പത്തുള്ള ആർക്കും മനസിലാകും. ഇവിടെയാണ്‌ നേരത്തെ പ്രസ്താവിച്ച  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ഒരിക്കൽ കൂടി പ്രസ്താവ്യമാകുന്നത്. താൻ ഏത് പാർട്ടിയിൽ ചേരണം (വിശ്വസിക്കണം)  എന്നത് പോലും ഫേസ്ബുക്ക് വഴി ഹിത പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുന്ന യുവത്വം. ആം ആദ്മിക്ക് പിന്തുണ  പ്രഖ്യാപിച്ച സാറാ ജോസഫും, മല്ലികാ സാരാഭായിയും ആരെന്നറിയാൻ ഗൂഗിൾ സർച്ച് ശീലമാക്കിയ യുവത്വത്തിന്റെ പ്രതീകമാണ്.  തീര്ച്ചയായും  ആ പ്രസ്ഥാനത്തിലെ വലിയൊരു വിഭാഗം അംഗങ്ങളും  ഈ ഒരു യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നവർ ആണെന്നത് ഒരു നഗ്ന സത്യവും ആണ്. 


ആം ആദ്മി പാര്ട്ടിയുടെ നിലപാടുകളെ അംഗീകരിക്കുന്നു. ഒരു സാധാരണ പൌരൻ  നിലയ്ക്ക് എന്റെ കൂടി ഉൽകണ്‍ഠകൾ ഉയർത്തി പിടിക്കുന്ന പാര്ട്ടിയാണ് അത്. പക്ഷെ അത് കൊണ്ട് മാത്രം ആം ആദ്മി ഒരു വിജയ  ആണെന്ന് പറയുകവയ്യ. ആം ആദ്മി പാർട്ടിയെ കാലം തെളിയിക്കട്ടെ. ഡൽഹിയിൽ  നേടിയത് അല്ല യഥാര്ത്ഥ വിജയം. ഇനി ഇപ്പോഴത്തെ തരംഗത്തിൽ മോഡി തരംഗത്തെക്കൂടി ആം ആദ്മി കീഴ്മേൽ മറിച്ചെന്നിരിക്കട്ടെ എന്നാലും ആം ആദ്മി പാര്ട്ടി വിജയിച്ചെന്നു പറയാനൊക്കില്ല. അവരുടെ യഥാര്ത്ഥ വിജയം തങ്ങളുടേത്  കേവലമൊരു തരംഗം അല്ലെന്ന് തെളിയിക്കുന്നിടത്താണ്. AAP ഒരു "ആപ്പ്" ആകാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു ഫേസ്ബുക്കിൽ ഹിത പരിശോധന നടത്തിയ സുഹൃത്തിനും  മറ്റ് സുഹൃത്തുക്കള്ക്കും ഒരു ആപ്പ് (AAP)  ആശംസകൾ..No comments: