Tuesday, July 29, 2008

ദൈവത്തിന് തൊട്ടുതാഴെ; സോട്ടോമേയര്‍

ഹൈജമ്പിന് പൂര്‍ണ്ണത പകര്‍ന്നത് ജാവിയര്‍ സോട്ടോമേയറാണ്. റെക്കോഡുകളുടെ കളിതോഴന്‍. ക്യൂബന്‍ മണ്ണില്‍ നിന്നെത്തിയ ഇതിഹാസ താരം. പക്ഷേ ഒളിമ്പിക്സ് അടക്കമുള്ള വേദികളില്‍ പലപ്പോഴും രാഷ്ട്രീയ പകപോക്കലിന്റെ ബലിയാടായി ഈ മനുഷ്യന്‍. എങ്കിലും ഉയരങ്ങളെ ചാടിക്കടക്കുന്നവര്‍ക്ക് ഇന്നും ദൈവത്തിനു തൊട്ടുതാഴെയാണ് സോട്ടോമേയര്‍.

1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്. നഷ്ട വെങ്കലത്തെ ചൊല്ലി പി.ടി. ഉഷ കണ്ണീരൊഴുക്കിയ വര്‍ഷം. സ്പിന്റിലും, ജംപിങ് പിറ്റിലും കാള്‍ ലൂയിസ് പറന്നിറങ്ങിയ വര്‍ഷം. പക്ഷേ മത്സരിക്കാതെ ശ്രദ്ധേയനായി ജാവിയര്‍ സോട്ടോമേയര്‍. ഒളിമ്പിക്സിന്‍ തൊട്ടു മുന്‍പ് തന്റെ പതിനാറാം വയസില്‍ സോട്ടോമേയറ് താണ്ടിയത് അന്നോളം അസാധ്യമായ 2.33 മീറ്റര്‍ ഉയരം. പുതിയ ലോക റേക്കോഡ്. പക്ഷേ ഈ പ്രതിഭയുടെ സാനിധ്യമറിയാന്‍ ലോസ് ഏഞ്ചലസിനു ഭാഗ്യമുണ്ടായില്ല. ക്യൂബ ഒളിമ്പിക്സ് ബഹിഷ്കരിച്ചു. ഫിഡല്‍ കാസ്ട്രോയ്ക്ക് എതിരെ സി.ഐ.എ. ആയുധം പണിയവേ ഓരോതവണയും പിന്നീടും സോട്ടോമെയറിന് ലോകമീറ്റുകള്‍ അന്യമായി. 1987 പാന്‍ അമേരിക്കന്‍ ഗയിംസില്‍ അദ്ദേഹം സ്വര്‍ണ്ണം നേടി. എതിരാളികളേക്കാല്‍ ഒരുപാട് ഉയരത്തില്‍. 1988 ലെ സോള്‍ ഓളിമ്പിക്സിനു മുന്‍പ് സോട്ടോമേയര്‍ തന്റെ റെക്കോര്‍ഡ് വീണ്ടും തകര്‍ത്തു. 2.43 മീറ്റര്‍. എന്നാല്‍ നിക്കരാഗ്വയ്ക്കും, ഉത്തര കോറിയയ്ക്കും പിന്തുണയേകി സോളിലേക്ക് ഇല്ലെന്ന് ക്യൂബ പ്രഖ്യാപിച്ചപ്പോള്‍ സോട്ടോമേയറിനെ സോളിനും നഷ്ടമായി.

പക്ഷേ ഒളിമ്പിക്സിനു പുറത്ത് സോട്ടോമേയര്‍ സ്വന്തം റെക്കോഡ് പുസ്തകം തിരുത്തിക്കൊണ്ടിരുന്നു. പലവട്ടം. 1989ല്‍ സാഞുവാന്‍ ഗയിംസില്‍ പുതിയ രേക്കോര്‍ഡ്. 2.45 മീറ്റര്‍. എട്ടടിയും അരയിഞ്ചും പിന്നിട്ട ഈ ഉയരം ഇന്നും അഭേദ്യം. ഒടുവില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണത്തിന് സോട്ടോമേയറിനെ വരിക്കാന്‍ ഭാഗ്യം കിട്ടി. 1992 ല്‍. ഒന്‍പതു വര്‍ഷം ജമ്പിംഗ് പിറ്റ് അടക്കി ഭരിച്ച ശേഷം ആദ്യ ഒളിമ്പിക്സ് സ്വര്‍ണ്ണം. പക്ഷേ അറ്റ്ലാന്റയിലെ അടുത്ത ഒളിമ്പിക്സില്‍ സോട്ടോ മേയറിന്‍ ചാട്ടം പിഴച്ചു. പന്ത്രണ്ടാമനായി കണ്ണീരൊഴുക്കി സോട്ടോമേയര്‍ എന്ന ഇതിഹാസതാരം. സിഡ്നിയില്‍ വീണ്ടും കരുത്തു കാട്ടി. പക്ഷേ ഇത്തവണ വെള്ളിയിലൊതുങ്ങി ചാട്ടം. പക്ഷേ അതിനിടെ ഉത്തേജകമരുന്നിന്റെ ആരോപണങ്ങള്‍ സോട്ടോമേയറിനു ചുറ്റും വട്ടമിട്ട് പറന്നു. പലവട്ടം നിഷ്കളങ്കത തെളിയിച്ചിട്ടും പക്ഷേ 1998ല്‍ സോട്ടോമേയറിന് 2 വര്‍ഷത്തെ വിലക്ക്. കാസ്ട്രോ അടക്കമുള്ളവര്‍ സോട്ടോമേയറിനെ ന്യായീകരിച്ചു. എങ്കിലും ഉയരങ്ങളുടെ രാജകുമാരന്‍ സംശയക്കണ്ണിലായി. ക്യൂബന്‍ വിരുദ്ധ രാഷ്ട്രീയത്തിന് കായികരംഗത്ത് ഇരയാവുകയായിരുന്നു സോട്ടോമേയര്‍.


ഇപ്പോള്‍ ബീജിംഗില്‍ ഒളിമ്പിക്സ് അംബാസിഡറാണ് അദ്ദേഹം. ഹവാനയില്‍ കരീബിയന്‍ ചെണ്ടകളുടേ തകര മേളത്തിന് ഒപ്പിച്ച് ഇന്നദ്ദേഹം താള്‍ത്തിന്റെ പുതിയ ഉയരം തീര്‍ക്കുന്നു. 17 തവണ സോട്ടോമേയര്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി. 19 വര്‍ഷമായിട്ടും ആരും മറികടന്നിട്ടില്ലാത്ത 2.45 മീറ്ററിന്റെ റെക്കോര്‍ഡ് ഇന്നും സോട്ടോമേയറിന്‍ സ്വന്തം. ബീജിങ്ങില്‍ പുതിയ ഉയരം പിറന്നാലും സോട്ടോമേയര്‍ അനശ്വരനാണ് എന്തെന്നാല്‍ ഹൈജമ്പില്‍ തികവെന്തെന്ന് ലോകത്തെ അറിയിക്കാന്‍ ദൈവം നിയോഗിച്ചത് ഈ ക്യൂബക്കാരനെയാണ്.

Friday, July 25, 2008

ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം.

ചരിത്രം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. ബീജിങ്ങ് ഒളിമ്പിക്സില്‍ നിന്ന് ഇറാഖി ടീമിനെ പുറത്താക്കിയതോടെ ലോക രാഷ്ട്രീയത്തിലെ അസ്വസ്ഥതകള്‍ കായിക ലോകത്തിന്റെ പരമോന്നത പോരാട്ടത്തിലേക്ക് ഒരിക്കല്‍കൂടി കടന്നെത്തുകയാണ്.

ലോകമഹായുദ്ധങ്ങളുടെ തീക്കാറ്റു താണ്ടിയ ഒളിമ്പിക്സില്‍ രാഷ്ട്രീയം അപകടകരമാം വിധം കലര്‍ന്നത് 1936ലാണ്. ബര്‍ലിനില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒളിമ്പിക്സിനെ ആര്യന്‍ മേധാവിത്തത്തിന്റെ പരീക്ഷണ ശാലയാക്കി. പക്ഷേ വംശീയാഹങ്കാരങ്ങളുടേ ശിരസ്സറുത്ത് അന്ന് ജസ്സിഓവന്‍സ് മനസ് കീഴടക്കി. ഇന്ന് വിവാദത്തിലായ ഇറാഖ് കായിക രാഷ്ട്രീയത്തിന്റെ കൊടിപിടിച്ചത് 1956ലായിരുന്നു. ഇസ്രായേലിന്റെ ഈജിപ്ഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഇറാഖും ലബനനും ഈജിപ്തിനൊപ്പം കളത്തില്‍ നിന്ന് മാറി നിന്നു. മെല്‍ബണില്‍ നടന്ന ഇതേ ഒളിമ്പിക്സില്‍ സോവ്യേറ്റ് യൂനിയന്റെ ഹംഗേറിയന്‍ ഇടപെടലില്‍ പ്രതിഷേധിച്ച് സ്പെയിനും, ഹോളണ്ടും, സ്വിറ്റ്സര്‍ലാന്റും മാറിനിന്നു. 1968 ഒക്ടോബര്‍ 16. മെക്സിക്കോ സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ സ്റ്റാര്‍ട്ടറുടെ വെടിയൊച്ച മുഴങ്ങി. അമേരിക്കന്‍ അറ്റ്ലറ്റ് ടോണിസ്മിത്തിന് ലോക റേക്കാര്‍ഡ് തകര്‍ന്നു. സമയം 19.33 സെക്കന്റ്. കൂട്ടുകാരന്‍ ജോണ്‍കാര്‍ലോസിനു വെങ്കലം. ഷൂസു ധരിക്കാതെ കറുത്ത സോക്സും, കറുത്ത കയ്യുറയും ധരിച്ച് ഇരുവരും മെഡലുകള്‍ ഏറ്റുവാങ്ങി. കറുത്തവന്റെ വിശപ്പിനെ ചവിട്ടി മെതിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ രാഷ്ട്രീയം ലോകത്തിനു തുറന്നുകാട്ടാനായിരുന്നു ഇത്. ഇരുവരേയും പിന്നീട് പുറത്താക്കി.

സ്റ്റേഡിയത്തിനു പുറത്ത് ചോരപ്പാട് വീണ ഒളിമ്പിക്സ് കൂടിയായി അത്. മെക്സിക്കന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ തെരുവിലിറങ്ങിയ 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ വേടിയേറ്റു മരിച്ചു. നാലു വര്‍ഷത്തിനു ശേഷം ഒളിമ്പിക്സ് മ്യൂണിക്കിലെത്തിയപ്പൊള്‍ ചോര്‍ സ്റ്റേഡിയത്തിനകത്തും പടര്‍ന്നു. പാലസ്തീന്‍ തീവ്രവാദികള്‍ 11 ഇസ്രായേലി അറ്റ്ലറ്റുകളേയും കോച്ചിനേയും വെടിവച്ചു കൊന്നു. തട്റ്റിക്കൊണ്ടു പോല്കലിന്‍ ജര്‍മ്മനി ഒത്താശ ചെയ്തു എന്ന ഇസ്രായേലിന്റെ ആരോപണം ലോക രാഷ്ട്രീയത്തെ കലുഷിതമാക്കി. തൊട്ടടുത്ത മോണ്ട്രിയേള്‍ ഒളിമ്പിക്സില്‍ നിന്നും 26 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വര്‍ണ്ണ വിവേചനത്തില്‍ പ്രതിഷേധിച്ച് വിട്ടു നിന്നു. ശീതയുദ്ധ കാലത്ത് 80ലെ മോസ്കോ ഒളിമ്പിക്സ് അമേരിക്കന്‍ ചേരിയും 84ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് റഷ്യന്‍ ചേരിയും ബഹിഷ്ക്കരിച്ചു.

ദീപശിഖാ പ്രയാണം തൊട്ടേ രാഷ്ട്രീയം കലര്‍ന്ന ഒളിമ്പിക്സിലാണ് ഇപ്പോള്‍ ചൈനയില്‍ ഇറാഖി അത്ലറ്റുകള്‍ക്ക് നിരോധനം വരുന്നത്. അധിനിവേശത്തിന്റെ വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്ന് ഒരു സ്പ്രിന്ററും, ഒരു ഭാരോദ്വാഹകനുമടക്കം ഏഴു പേരെ അയക്കാനുള്ള ഇറാഖിന്റെ തീരുമാനത്തിനാണ് ഇപ്പോള്‍ രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ വിലക്ക് വീഴുന്നത്.

Wednesday, July 23, 2008

സോമനാഥ് പുറത്തേക്ക്

പ്രതീക്ഷിച്ച അച്ചടക്ക നടപ്ടിക്ക് വിധേയനാവുകയാണ് സോമനാഥ് ചാറ്റര്‍ജി. ഓരോ വോട്ടും എണ്ണിക്കൂട്ടി ഏതു വിധേനയും സര്‍ക്കാരിനെ മറിച്ചിടാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.എമിനു കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണ് സോമനാഥിന്റെ തീരുമാനം. ബി.ജെ.പിക്കോപ്പം വോട്ട് ചെയ്യാനാകില്ലെന്നും അധ്യക്ഷസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്തുണ പിന്‍വലിച്ച എം.പി. മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയ സോമനാഥിന് സ്പീക്കര്‍ എന്ന നിലയില്‍ സി.പി.എം വിപ്പ് നല്‍കിയില്ല. വോട്ടെടുപ്പിനു തൊട്ടു മുന്‍പെങ്കിലും അദ്ദേഹം രാജി വയ്ക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടി. എന്നാല്‍ പ്രധാനാധ്യാപകന്റെ ചൂരല്‍ വടിയുമായി സോമനാഥ് സഭ നിയന്ത്രിച്ചു.

നാല്‍പ്പത് കൊല്ലം മുന്‍പാണ് സോമനാഥ് ചാറ്റര്‍ജ്ജി പാട്ടി അംഗമായത്. ഇംഗ്ലണ്ടിലെ മിഡില്‍ ടണ്ണില്‍ നിന്നെത്തിയ ബാരിസ്റ്ററെ പ്രമോദ് ദാസ് ഗുപ്ത ക്ണ്ടെത്തി. ആദ്യം ജാവേദ്പുരില്‍ നിന്നും പിന്നെ ബോല്‍പ്പുരില്‍ നിന്നും എം.പി.യാക്കി. സ്പീക്കറാകും മുപ് ഒന്‍പതു വട്ടം സഭയില്‍ സി.പി.എമിന്റെ ശബ്ദമായി സോമനാഥ്. പഠിക്കാനും പറയാനും ശേഷിയുള്ള മികച്ച പാര്‍ലമെന്റേരിയനുമായി അദ്ദേഹം. ഐക്യക്ണ്ഠേന സ്പീക്കര്‍ പദവിയിലേക്കെത്തി. നിഷ്പക്ഷനെന്ന അംഗീകാരം നേടി. സര്‍വ്വരേയും നിയമം പഠിപ്പിച്ചു. വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തോട് തെല്ലുകൂടുതല്‍ നിര്‍ദ്ദയനായിരുന്നു അദ്ദേഹം. വിശേഷിച്ച് ഇടതു പക്ഷത്തോട്. സി.പി.എം അംഗങ്ങള്‍ പലപ്പോഴും സ്പീക്കറുമായി വാഗ്വാദം നടത്തി. ഇടതുപക്ഷത്തിന്റെ ആണവ വാദങ്ങളെ അട്ടിമറിക്കും വിധം സഭയില്‍ സംസാരിക്കന്‍ ഒമര്‍ അബ്ദുല്ലയ്ക്കും, മെഹബൂബ മുഫ്തിയ്ക്കും അവസരം നല്‍കി. എന്നാല്‍ ആര്‍.എസ്.പിക്കും ഫോര്‍വേഡ് ബ്ലോക്കിനും അവസരം നിഷേധിക്കുകയും ചെയ്തു. ഇടതു അംഗങ്ങള്‍ സഭയ്ക്കു പുറത്ത് പൊട്ടിത്തെറിച്ചു. കഴിഞ്ഞ 4 വര്‍ഷം സ്പീക്കര്‍ എന്ന നിലയില്‍ ഒരു ആനുകൂല്യവും സോമനാഥില്‍ നിന്ന് കിട്ടിയിട്ടില്ല. ഇനിയത് പ്രതീക്ഷിക്കുന്നുമില്ല എന്ന് ഇടതു പക്ഷം പരസ്യമായി പറഞ്ഞു.

ഇത്രനാള്‍ നിയന്ത്രിച്ച സഭയില്‍ ഇനി വീണ്ടും പണ്ടേ പോലെ കല്‍ഹിക്കാനാകില്ല എന്ന ആത്മബോധമാണ് സോമനാഥിന്‍ വിനയായത്. വ്യക്തിപൂജയ്ക്ക് ഇടമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സംഘടനയ്ക്കൊപ്പം നില്‍ക്കാത്ത ചാറ്റര്‍ജ്ജിയെ പിന്താങ്ങാന്‍ പക്ഷേ ആരുമുണ്ടായില്ല. പാര്‍ട്ടിയിലെ അടുത്ത സ്നേഹിതന്‍ ജ്യോതിബസുവിനു പോലും സോമനാഥിനൊപ്പം നില്‍ക്കുന്നതിന് പരിമിതിയുണ്ടായിരുന്നു. പാര്‍ട്ടിയെ അനുസരിക്കാനുള്ള ജ്യോതി ബസുവിന്റെ നിര്‍ദ്ദേശവും ലംഘിച്ചതോടെ ഒരു പുറത്താക്കല്‍ അനിവാര്യമായി വന്നു സി.പി.എമില്‍. അധികാരസ്ഥാനത്ത് എത്തിയെന്നുവച്ച് സംഘടനയേക്കാള്‍ വലുതാവുന്നില്ലെന്ന് ഒരു നേതാവിനെക്കൂടി പഠിപ്പിക്കുകയാണ് സി.പി.എം. സഭയില്‍ പാര്‍ട്ടിയുടെ നാക്കാവാന്‍ ശേഷിയുള്ള ഏക നേതാവിനെ നാലേക്കാല്‍ കൊല്ലം മുന്‍പ് സഭ ഭരിക്കാന്‍ കൈമാറിയതാണ് സി.പി.എം കാണിച്ച ഹിമാലയന്‍ അബദ്ധം. സ്വയം പഴിക്കാമിനി സിപി.എമിന്.

എങ്കിലും സോമനാഥ് ഉയര്‍ത്തുന്ന അടവുപരമായ സംശയങ്ങള്‍ക്ക് വരും നാളുകളില്‍ മറുപടി പറയേണ്ടി വരും സി.പി.എമ്മിന്. ഇന്ത്യന്‍ കമ്മ്യൂണിസത്തിന്റെ മുഖ്യ ശത്രു വര്‍ഗ്ഗീയതയോ അതോ സാമ്രാജ്യത്വമോ എന്ന തര്‍ക്കത്തിന്റെ തലനാരിഴ കീറാന്‍ കാരാട്ടിനും വിയര്‍പ്പൊഴുക്കേണ്ടിവരും.

പണാധിപത്യം

കൌശലം കലര്‍ന്ന വിലപേശലും അധാര്‍മ്മിക ഇടപാടുകളും ചേര്‍ന്ന കച്ചവടത്തില്‍ നിന്നാണ് കുതിരക്കച്ചവടം എന്ന പേരുണ്ടായത്. വിലപറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ കുതിരകളോട് പൊലും മാന്യത കാട്ടില്ലെന്ന വിക്ടോറിയന്‍ സദാചാരത്തില്‍ നിന്നാണ് ഈ വാക്കിന്റെ പിറവി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പക്ഷേ കച്ചവടം കൊഴുത്തു. ഇത് കോര്‍പ്പറേറ്റ് യുദ്ധമായതാണ് ഇത്തവണത്തെ വിശ്വാസവോട്ടെടുപ്പിന്റെ അങ്ങാടി നിലവാരം.

സര്‍ക്കരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചതൊടെ മത്സരം തുടങ്ങി. ആദ്യം സമാജ് വാദിപാര്‍ട്ടി കളം മാറിച്ചവിട്ടി. സ്വകാര്യ പെട്രോളിയം കമ്പനികളുടെ അധിക ലാഭത്തിന് നികുതി ഏര്‍പ്പെടുത്തണമെന്നതായിരുന്നു അമര്‍സിംഗിന്റെ ആദ്യ ഡിമാന്റുകളിലൊന്ന്. വിന്റ് ഫോള്‍ഡ് ടാക്സിനെ രാഷ്ട്രീയ വല്‍ക്കരിച്ചതോടെ കച്ചവടം മുറുകി. ലോകത്തെ തന്നെ സമ്പന്ന വ്യവസായികളില്‍ മുന്‍പന്മാരായ അംബാനിമാരുടെ കുടുംബപോരില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു പോലും ഇടപേടേണ്ടി വന്നു. മുകേഷ് അംബാനിയുടെ പെട്രോളിയം കച്ചവടം പൂട്ടിക്കാന്‍ സഹോദരന്‍ അനില്‍ അംബാനിക്കു വേണ്ടി സമാജ് വാദി പാര്‍ട്ടി കളിക്കുകയാണേന്നായിരുന്നു ആരോപണം. എന്തായാലും പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയുമായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി.

കര്‍ണ്ണാടകത്തിലെ ഖനി മാഫിയ ബി.ജെ.പിക്കു വേണ്ടി കോടികള്‍ വാരിയെറിയുന്നുവെന്നും ആരൊപണമുയര്‍ന്നു. മന്മോഹന്‍ സിംഗിന്‍ പിന്തുണയേകി മുംബൈ വ്യവസായ ലോകം ഒന്നിച്ച് രംഗത്തെത്തി. ആണവക്കരാര്‍ മറ്റ് വാണിജ്യക്കരാറുകള്‍ക്കുള്ള മുന്നുപാധി മാത്രമെന്ന് ഇടതു പക്ഷം ആരോപിച്ചു. അമേരിക്കന്‍ ആണവ വ്യാപാരികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോടികള്‍ വിതറുന്നുവെന്ന് ആരോപണമുയര്‍ന്നു. എം.പിമാര്‍ക്ക് വിലയേറി. ഒരു എം.പിക്ക് വില 25 കോടിയെന്ന് ആദ്യം എ.ബി. ബര്‍ദ്ദന്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടി എം.പി മുനാവര്‍ ‍ഹസ്സന്‍ തനിക്ക് 25 കോടി വാഗ്ദാനം ചെയ്യപ്പെട്ടതായി വിളിച്ചു പറഞ്ഞു. തര്‍ക്കങ്ങള്‍ക്കിടെ വിലയുയര്‍ന്നു. ബി.എസ്.പി. ഇട്ട വില 40 കോടിയെന്ന് അമര്‍സിങ്ങ് കുറ്റപ്പെടുത്തി. തനിക്ക് വാഗ്ദാനം ചെയ്തത് 100 കോടിയെന്ന് കൊണ്ഗ്രസ്സ് വിട്ട വിമതന്‍ കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞു. പല എം.പിമാരും കൂറുമാറി. ഝാര്‍ഖണ്ട് മുക്തിമോര്‍ച്ച കിട്ടാനിരിക്കുന്ന മന്ത്രിസ്ഥാനങ്ങളുടെ കണക്കു മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ. ഒന്നര പതീറ്റാണ്ട് മുന്‍പ് മറ്റൊരു കുതിരക്കച്ചവടക്കാലത്ത് എണ്ണിവാങ്ങിയ പ്ണത്തിന്റെ കളങ്കമിതുവരെയായിട്ടും മാറിയിട്ടില്ലാത്ത പാര്‍ട്ടി മറ്റ് കണക്കുകള്‍ രഹസ്യമാക്കുകയാണിപ്പോള്‍. കരിമ്പും, ഉരുളക്കിഴങ്ങും, ഉള്ളിയുമൊക്കെ പണച്ചാല്ക്കുകളായി ഇറങ്ങി വന്ന കാലം ഇല്ലാതാവുകയാണ്. ആഗോളവല്‍ക്കരണകാലത്ത് രാജ്യാന്തര കോര്‍പ്പറേറ്റുകള്‍ അധികാരത്തെ വിലയ്ക്കെടുക്കുകയാണ്. പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ വരെ കോഴപ്പണം കുമിഞ്ഞുകൂടുകയാണ്.

വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞു. മന്മോഹന്‍ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തി. സര്‍ക്കാരിന് വിജയമാഘോഷിക്കാം. ഇടതുകക്ഷികള്‍ക്കും, മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും സര്‍ക്കാരിനെതിരായ പുതിയ സമരമുഖം ആരായാം. പക്ഷേ ഈ വിശ്വാസ വോട്ടെടുപ്പ് ചരിത്രത്തിലിടം നേടുന്നത് ഇന്ത്യ കണ്ട എറ്റവും വലിയ കുതിരക്കച്ചവടത്തിന്റെ പേരിലായിരിക്കും. സഭയുടെ നടുത്തളം വരെ എത്തിയ കോഴപ്പണത്തിന്റെ പേരിലായിരിക്കും.