Friday, July 25, 2008

ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം.

ചരിത്രം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. ബീജിങ്ങ് ഒളിമ്പിക്സില്‍ നിന്ന് ഇറാഖി ടീമിനെ പുറത്താക്കിയതോടെ ലോക രാഷ്ട്രീയത്തിലെ അസ്വസ്ഥതകള്‍ കായിക ലോകത്തിന്റെ പരമോന്നത പോരാട്ടത്തിലേക്ക് ഒരിക്കല്‍കൂടി കടന്നെത്തുകയാണ്.

ലോകമഹായുദ്ധങ്ങളുടെ തീക്കാറ്റു താണ്ടിയ ഒളിമ്പിക്സില്‍ രാഷ്ട്രീയം അപകടകരമാം വിധം കലര്‍ന്നത് 1936ലാണ്. ബര്‍ലിനില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ഒളിമ്പിക്സിനെ ആര്യന്‍ മേധാവിത്തത്തിന്റെ പരീക്ഷണ ശാലയാക്കി. പക്ഷേ വംശീയാഹങ്കാരങ്ങളുടേ ശിരസ്സറുത്ത് അന്ന് ജസ്സിഓവന്‍സ് മനസ് കീഴടക്കി. ഇന്ന് വിവാദത്തിലായ ഇറാഖ് കായിക രാഷ്ട്രീയത്തിന്റെ കൊടിപിടിച്ചത് 1956ലായിരുന്നു. ഇസ്രായേലിന്റെ ഈജിപ്ഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഇറാഖും ലബനനും ഈജിപ്തിനൊപ്പം കളത്തില്‍ നിന്ന് മാറി നിന്നു. മെല്‍ബണില്‍ നടന്ന ഇതേ ഒളിമ്പിക്സില്‍ സോവ്യേറ്റ് യൂനിയന്റെ ഹംഗേറിയന്‍ ഇടപെടലില്‍ പ്രതിഷേധിച്ച് സ്പെയിനും, ഹോളണ്ടും, സ്വിറ്റ്സര്‍ലാന്റും മാറിനിന്നു. 1968 ഒക്ടോബര്‍ 16. മെക്സിക്കോ സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ സ്റ്റാര്‍ട്ടറുടെ വെടിയൊച്ച മുഴങ്ങി. അമേരിക്കന്‍ അറ്റ്ലറ്റ് ടോണിസ്മിത്തിന് ലോക റേക്കാര്‍ഡ് തകര്‍ന്നു. സമയം 19.33 സെക്കന്റ്. കൂട്ടുകാരന്‍ ജോണ്‍കാര്‍ലോസിനു വെങ്കലം. ഷൂസു ധരിക്കാതെ കറുത്ത സോക്സും, കറുത്ത കയ്യുറയും ധരിച്ച് ഇരുവരും മെഡലുകള്‍ ഏറ്റുവാങ്ങി. കറുത്തവന്റെ വിശപ്പിനെ ചവിട്ടി മെതിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ രാഷ്ട്രീയം ലോകത്തിനു തുറന്നുകാട്ടാനായിരുന്നു ഇത്. ഇരുവരേയും പിന്നീട് പുറത്താക്കി.

സ്റ്റേഡിയത്തിനു പുറത്ത് ചോരപ്പാട് വീണ ഒളിമ്പിക്സ് കൂടിയായി അത്. മെക്സിക്കന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ തെരുവിലിറങ്ങിയ 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ വേടിയേറ്റു മരിച്ചു. നാലു വര്‍ഷത്തിനു ശേഷം ഒളിമ്പിക്സ് മ്യൂണിക്കിലെത്തിയപ്പൊള്‍ ചോര്‍ സ്റ്റേഡിയത്തിനകത്തും പടര്‍ന്നു. പാലസ്തീന്‍ തീവ്രവാദികള്‍ 11 ഇസ്രായേലി അറ്റ്ലറ്റുകളേയും കോച്ചിനേയും വെടിവച്ചു കൊന്നു. തട്റ്റിക്കൊണ്ടു പോല്കലിന്‍ ജര്‍മ്മനി ഒത്താശ ചെയ്തു എന്ന ഇസ്രായേലിന്റെ ആരോപണം ലോക രാഷ്ട്രീയത്തെ കലുഷിതമാക്കി. തൊട്ടടുത്ത മോണ്ട്രിയേള്‍ ഒളിമ്പിക്സില്‍ നിന്നും 26 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വര്‍ണ്ണ വിവേചനത്തില്‍ പ്രതിഷേധിച്ച് വിട്ടു നിന്നു. ശീതയുദ്ധ കാലത്ത് 80ലെ മോസ്കോ ഒളിമ്പിക്സ് അമേരിക്കന്‍ ചേരിയും 84ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് റഷ്യന്‍ ചേരിയും ബഹിഷ്ക്കരിച്ചു.

ദീപശിഖാ പ്രയാണം തൊട്ടേ രാഷ്ട്രീയം കലര്‍ന്ന ഒളിമ്പിക്സിലാണ് ഇപ്പോള്‍ ചൈനയില്‍ ഇറാഖി അത്ലറ്റുകള്‍ക്ക് നിരോധനം വരുന്നത്. അധിനിവേശത്തിന്റെ വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്ന് ഒരു സ്പ്രിന്ററും, ഒരു ഭാരോദ്വാഹകനുമടക്കം ഏഴു പേരെ അയക്കാനുള്ള ഇറാഖിന്റെ തീരുമാനത്തിനാണ് ഇപ്പോള്‍ രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെ വിലക്ക് വീഴുന്നത്.

3 comments:

തോന്ന്യാസി said...

തകര്‍ന്നടിഞ്ഞ ഒരു ജനത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയായിരുന്നു ഇറാഖില്‍ കണ്ടത്.2004 ലെ ഏതന്‍സ് ഒളിമ്പിക്സില്‍ ഇറാഖി ടീം ഫുട്ബാള്‍ കളിച്ചത് ജീവിതം കൊണ്ട് കൂടിയായിരുന്നു....

എന്തിന്റെ പേരിലായാലും ശരി ഈ വിലക്ക് ന്യായീകരണമില്ലാത്തതാണ്

Sarija NS said...

എന്തു ന്യായീകരണമാണ് ഇറാഖിനെ പുറാത്താക്കുന്നത്തിനു പറയാനുള്ളത് ? ഒരു ജനതയെ ദ്രോഹിക്കാവുന്നതിണ്ടെ പരമാവധി ദ്രോഹിച്ചിട്ടും മതിയായില്ലെന്നൊ

Pongummoodan said...

കഷ്ടം.