Friday, August 1, 2008

അസ്തമിച്ച വിപ്ലവ സൂര്യന്‍

പഞ്ചാബിന്റെ ഗോതമ്പ് പാടങ്ങള്‍ക്കുമേല്‍ ജ്വലിച്ചുയര്‍ന്ന ബദാലയിലെ വിപ്ലവ സൂര്യന്‍ അസ്തമിക്കുകയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരോജ്വലമായ ഇതിഹാസമാണ് ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്തിന്റെ മരണത്തോടേ അവസാനിക്കുന്നത്. അവിഭകത ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ ചെറുത്തു നില്‍പ്പു കൂടിയാണ് സുര്‍ജിത്തിന്റെ ജീവിതം.

1916 മാര്‍ച്ച് 23ന്‍ ജലന്ധറിലെ ബദാലയില്‍ ജനിക്കുമ്പോള്‍ ഹര്‍ക്കിഷന്‍ സിങ്ങ് സുര്‍ജ്ജിത്ത് ശ്വസിച്ചത് പാരതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി ഭഗത് സിങ്ങും, സുഖ്ദേവും, രാജ് ഗുരുവും നടത്തിയ പോരാട്ടം കണ്ട് സുര്‍ജ്ജിത് വളര്‍ന്നു. സമപ്രായക്കാര്‍ ഗോതമ്പ് പാടത്ത് ഹോക്കി കളിക്കാന്‍ പോയപ്പോള്‍ സുര്‍ജിത്ത് നടന്നത് നവ് ജവാന്‍ സഭയിലേക്കാണ്. വെള്ളക്കാര്‍ക്കെതിരെ പോരാടാന്‍ ഭഗത് സിങ്ങ് സ്ഥാപിച്ച സംഘടനയിലേക്ക്. അതേ ഭഗത് സിങ്ങിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ലോകം സുര്‍ജ്ജിത്തിന്റെ വരവറിഞ്ഞു. ഹോഷിയാര്‍ പുരിലെ കോടതി മുറി നടുങ്ങിത്തെറിച്ചു. ഒരു പതിനാലുകാരന്‍ പയ്യന്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ മുദ്രാവക്യം മുഴക്കി മൂവര്‍ണ്ണ കൊടി ഉയര്‍ത്തി. രണ്ടു തവണ പോലീസ് വെടിവച്ചു. പക്ഷേ ഭഗത് സ്ഇങ്ങിന്റെ ആവേശം മനസില്‍ ജ്വലിപ്പിച്ച ആ പയ്യന്‍ കൊടി ഉയര്‍ത്താതെ തളര്‍ന്നു വീണില്ല. വിചാരണ വേളയില്‍ കോടതി വീണ്ടും ഞട്ടി. വെള്ളക്കരന്‍ ജഡ്ജി പേരു ചോദിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ ജനിച്ച സിങ്ങാണ് ഞാനെന്ന് ആ പതിനാലുകാരന്‍ വിളിച്ചു പറഞ്ഞു. തടവറകളെ അന്നേ ശീലിച്ചു സുര്‍ജ്ജിത്ത്. ആ സമര വീര്യത്തെ സഹിക്കാനുള്ള ശേഷി ഇല്ലായിരുന്നു കോണ്‍ഗ്രസ്സിന്. 1936ല്‍ സുര്‍ജ്ജിത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പഞ്ചാബില്‍ കര്‍ഷകരെ സംഘടിപ്പിച്ചു. കിസാന്‍ സഭ രൂപീകരിച്ചു. ദുഖി ദുനിയ എന്ന പ്രസിദ്ധികരണമിറക്കി.

പക്ഷെ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോഴും സുര്‍ജ്ജിത് സ്വതന്ത്രനായിരുന്നില്ല. ഇന്ത്യന്‍ ഭരണകൂടം കമ്മ്യൂണിസ്റ്റുകളെ വേട്ടയാടിയൊപ്പോള്‍ വിപ്ലവത്തിന്റെ സാധ്യത തേടി അണ്ടര്‍ ഗ്രൌണ്ടിലായിരുന്നു സുര്‍ജ്ജിത്ത്. മൂവര്‍ണ്ണ കൊടി ഉയര്‍ത്താന്‍ നോക്കി കൊളോണിയല്‍ കൂലിപ്പട്ടാളത്തിന്റെ വെടിയേറ്റു വീണ ബാലന്‍; ഒരര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടയില്‍ പട്ടാളത്തിന്റെ കാവലില്‍ ദേശീയ പതാക ഉയരവേ ഉറക്കമൊഴിച്ച് ചെങ്കൊടി കാത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ക്രൂരമായ വഴി പിരിയലുകളായിരുന്നു. കൊളോണിയലിസം നവകൊളോണിയലിസത്തിനു വഴിമാറിയതും ഇങ്ങിനെയൊക്കെയാണ്.

സി.പി.എമ്മിന്റെ തുടക്കം തൊട്ടേ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു ഹര്‍കിഷന്‍ സിങ് സിങ്ങ് സുര്‍ജ്ജിത്ത്. ആകര്‍ഷിച്ച് ഒപ്പം കൊണ്ടു നടക്കുന്ന വലിയൊരു തൊഴിലാളി വര്‍ഗ്ഗ് ആള്‍ക്കൂട്ടമോ പ്രത്യയശാസ്ത്ര വിഷയങ്ങളെ തലനാരിഴ കീറുന്ന ബുധിജീഎവിയുടെ കണിശതയോ ഇല്ലാതിരുന്നീട്ടും 90കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാര ഗതികളെ അതി നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ കഴിഞ്ഞ വ്യക്തിയെന്ന നിലയ്ക്കാകും ഒരുപക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ സുര്‍ജ്ജിത്ത് ഇടം നേടുന്നത്.

പില്‍ക്കാലത്ത് സ്വയം വിമര്‍ശിച്ച കല്‍ക്കത്താ തീസീസിലൂടെ വിപ്ലവം നടത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ നാടൊട്ടുക്ക് സായുധ പോരാട്ടം സംഘടിപ്പിക്കുന്നതിനിടയിലേക്കാണ് ജയിലില്‍ നിന്ന് സുര്‍ജ്ജിത്ത് പുറത്തെത്തുന്നത്. കല്‍ക്കത്താ തീസീസിന്റെ കാലശേഷം ഒളിജീവിതം വിട്ട സുര്‍ജ്ജിത്ത് പാര്‍ട്ടിയുടേ പഞ്ചാബ് ഘടകം സെക്രട്ടറിയായി. അറുപതുകളുടെ തുടക്കം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുടേ പ്രത്യയശാസ്ത്രപ്പോര് പാരമ്യതയിലെത്തിയ കാലം. ലോക കമ്മ്യൂണിസത്തില്‍ റഷ്യയ്ക്കോ ചൈനയ്ക്കോ ചുവപ്പ് കൂടുതല്‍ എന്ന തര്‍ക്കത്തില്‍ ഇന്ത്യന്‍ ചെങ്കൊടി നെടുകേ കീറി. 1964 ല്‍ റിവിഷനിലിസത്തിനെതിരെ സി.പി.ഐയ്യുടെ നാഷണല്‍ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ സുര്‍ജ്ജിത്തുമുണ്ടായിരുന്നു. ആന്ധ്രയിലെ തെന്നാലിയില്‍ പിളര്‍ന്നിറങ്ങിയവര്‍ പിന്നീട് കൊല്‍ക്കത്തയില്‍ സി.പി.എം രൂപീകരിച്ചപ്പോള്‍ ആദ്യ ഒന്‍പതംഗ്അ പി.ബിയിലെ ബേബിയായിരുന്നു സുര്‍ജ്ജിത്ത്. എ.കെ.ജിയും, ഇ.എം.എസും, സുന്ദരയ്യയുമടങ്ങുന്ന നേതൃനിരയിലെ ചെറുപ്പക്കാരന്‍. ഇ.എം.എസിനു സേഷം 1992ല്‍ അദ്ദേഹം പാര്‍ട്ടിയുടേ ജനറല്‍ സെക്രട്ടറിയായി. ബുദ്ധികൂര്‍മ്മതയാല്‍ ഇ.എം.എസ് അടക്കി നിര്‍ത്തിയ പ്രത്യയശാസ്ത്രപ്രശ്നങ്ങളും; വിഭാഗീയ പ്രശ്ങ്ങളുമെല്ലാം പാര്‍ട്ടിയില്‍ സജീവമായകാലം. നൃപന്‍ ചക്രവര്‍ത്തിയെപ്പോലെ കരുത്തുറ്റ നേതാവിനെപ്പോലും ഗ്രൂപ്പുപോരിന്റെ പേരില്‍ പാര്‍ട്ടി ബലി കൊടുത്തു. അമേരിക്കന്‍ തത്വ ചിന്തയില്‍ മേല്‍ക്കൈ നേടിയ പ്രാഗ്മാറ്റിക്ക് രാഷ്ട്രതന്ത്രത്തിന്റെ ചേരുവകള്‍ക്ക് സ്ദൃശമായ രാഷ്ട്രീയ സമവാക്യങ്ങളിലൂടേ സുര്‍ജിത്ത് പ്രതിസന്ധികളെയെല്ലാം മറികടന്നു. വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളിലൂടെ, ബിജെ.പിയെ ഇന്ദ്രപ്രസ്ഥത്തിന്റെ സിംഹാസനത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയതിലൂടെ ഇടത് മതേതര സഖ്യങ്ങള്‍ക്ക് വഴിയൊരുക്കിയതിലൂടെ, എന്നും മൂന്നാം മുന്നണിക്ക് സാധ്യതതേടിയതിലൂടെ. അങ്ങിനെ ഇരുപതാം നൂറ്റാണ്ടിന്റെ അവ്സാനത്തെ പതീറ്റാണ്ടില്‍ ദേശീയ രാഷ്ട്രീയത്തില്‍ കിംഗ് മേക്കറായി സുര്‍ജ്ജിത്ത്.

അദികാര രാഷ്ട്രീയത്തിന്റെ നല്ല അടുപ്പക്കാരായി എങ്ങിനെ കമ്മ്യൂണിസ്റ്റുകളെ എങ്ങിനെ മാറ്റാമെന്ന് സുര്‍ജ്ജിത്ത് പുതിയ പ്രത്യയശാസ്ത്ര പാഠം രചിച്ചു. അതിന്റെ ഭാഗമെന്നോണംകേന്ദ്രത്തിലെ അധികാര ഒത്തുതീര്‍പ്പുകളില്‍ അദ്ദേഹം എന്നും സജീവമായിരുന്നു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയുമായി ഇടതുപക്ഷത്തെ അടുപ്പിച്ചതും മര്റ്റാരുമല്ല. മുലായത്തില്‍ നിന്ന് ലാലുവിലേക്കും, ദേവഗൌഡയിലേക്കും ഏതൊക്കെ കോണികള്‍ എപ്പോഴൊക്കെ ചായ്ച്ചും ചരിച്ചും വയ്ക്കണമെന്ന് ഈ തന്ത്രജ്ഞന്‍ ദേശീയ രാഷ്ട്രീയത്തിന് കാട്ടിതന്നു. ഇടതു തീവ്രവാദത്തിനും വലതു വ്യതിയാനത്തിനും വിട്ടുകൊടുക്കാതെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തെ എങ്ങിനെ അധികാരമേറ്റാമെന്ന അടവുനയങ്ങള്‍ കൂടി പാര്‍ട്ടിക്ക് സമ്മാനിച്ചാണ് ഗോതമ്പുപാടത്തുയര്‍ന്ന രക്തനക്ഷത്രം ഇപ്പോള്‍ അസ്തമിച്ചിരിക്കുന്നത്.

3 comments:

തോന്ന്യാസി said...

ലാല്‍..സലാം........

സഖാവ് സുര്‍ജിത്.......

പാമരന്‍ said...

അഭിവാദ്യങ്ങള്‍.. ആദരാഞ്ജലികള്‍..

(അടവു നയങ്ങളോട്‌ യോജിപ്പില്ലായിരുന്നെങ്കിലും..)

Sarija NS said...

അപ്പു,
ഈ റിപ്പോര്‍ട്ട് ന്യൂസില്‍ ഉണ്ടാരുന്നൊ?
നന്നായിരിക്കുന്നു.