യഥാര്‍ത്ഥ വസ്തുതകള്‍; മറയില്ലാതെ.
ആദ്യഘട്ടം:2005 ലാണ് വ്യോമസേനയ്ക്ക് വ്യോമപ്രതിരോധ സംവിധാനം ശകതമാക്കുന്നതിന്റെ ഭാഗമായി പുതിയ വ്യോമപ്രതിരോധ മിസൈലുകള്‍ വാങ്ങിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിക്കുന്നത്. ഇസ്രായെലി ആയുധ കമ്പനിയായ ഇസ്രായേല്‍ എയ്റോ സ്പേസ് ഇന്റസ്റ്റ്ട്രീസും(IAI) D R D Oസംയുക്ത സംരഭമെന്ന നിലയിലാണ് മിസൈല്‍ നിര്‍മ്മിക്കുന്നതിന് ധാരണയായത്. ഇതു സംബന്ധിച്ച പ്രാധമിക നടപടിക്രമങ്ങള്‍ 2007ഓടെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. 2007 ജൂലൈമാസത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള സമിതി ഇസ്രായെലുമായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് അനുമതി നല്‍കി. എന്നാല്‍ ആ ഘട്ടത്തിലാണ് കരാര്‍ സംബന്ധിച്ച് ചില സംശയങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയവും, കേന്ദ്ര വിജിലന്‍സ് കമ്മീഷണറും, അഡീഷണല്‍ സോളിസറ്റര്‍ ജനറലും അടക്കമുള്ളവര്‍ ഈ കരാറിനെക്കുറിച്ച് ഉന്നയിക്കുന്നത്. 2000ത്തില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ബാരാക്ക് മിസൈല്‍ ഇടപാടില് അഴിമതി നടന്നു എന്ന ആരോപണം സി.ബി.ഐ അന്വേഷിച്ച് വരികയാണ്. ഈ അഴിമതിയാരോപണത്തില്‍ ഉള്‍പ്പെട്ടിട്ടൂള്ള ഒരു കമ്പനിയാണ് IAI. അതിനാല്‍ത്തന്നെ സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അതേ കമ്പനിയുമായി വീണ്ടും മറ്റൊരു കരാറില്‍ ഏര്‍പ്പെടുന്നത് സ്വാഭാവികമായും ഈ കരാറിനെക്കൂടി അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും എന്നതാണ് അന്ന് ഉയര്‍ന്നു വന്ന ഏറ്റവും പ്രധാന ആശങ്ക. ഇതേ തുടര്‍ന്ന് കരാര്‍ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി ഏ.കെ.ആന്റണി DRDOയ്ക്ക് നിര്‍ദ്ദേശം നല്‍കി.
രണ്ടാംഘട്ടം:
2007 ജൂലൈമാസം ഏറെക്കുറേ നിലച്ച കരാര്‍ നടപടികള്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നത് 2008 അവസാനത്തോടെയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് DRDO കരാര്‍ നടപടികള്‍ മുന്നോട്ടു നീക്കി. ഇസ്രായേല്‍ അധികൃതരുമായുള്ള അവസാനവട്ട ചര്‍ച്ചകളും മറ്റ് നടപടിക്രമങ്ങളും പെട്ടെന്ന് തീര്‍ത്തു. 2മാസം കൊണ്ട് കരാര്‍ ഒപ്പുവയ്ക്കാന്‍ പാകത്തിലായി. 2009 ഫെബ്രുവരി 27ന് ഇന്ത്യ 10000 കോടിരൂപയുടെ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ MRSAM ഇടപാടില്‍ IAIയുമായി ഒപ്പുവച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വെറും 3 ദിവസം മുന്‍പ്. DRDOയുമായി ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയ്ക്ക് കരാര്‍. മിസൈല്‍ ഉല്പാദനം ഇന്ത്യയില്‍ DRDOയുടെ നേതൃത്വത്തില്‍. മറ്റ് സാങ്കേതിക വിദ്യകളും സഹായവും ഇസ്രായേല്‍ നല്‍കും. ഇതിന് ആകെയുള്ള 10000ല്‍ 7000കോടി IAIയ്ക്ക്. ബാക്കി 3000 കോടി DRDOയ്ക്ക്. ഈഘട്ടം വരെ ധൃതിപ്പെട്ടൂള്ള നടപടിക്രമ്മൊഴിച്ചാല്‍ മറ്റ് ആശങ്കകള്‍ക്കൊന്നും ഇടം കൊടുക്കാത്ത കരാര്‍. ഒപ്പം വ്യവസ്ഥകള്‍.
കരാറിലെ സംശയമുണര്‍ത്തുന്ന ഘടകങ്ങള്‍
മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് പ്രതിരോധ രംഗത്ത് ആധുനീക വല്‍ക്കരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യ തീരുമാനിച്ചത്. കാരണം ഇന്ന് ഇന്ത്യന്‍ പ്രതിരോധ രംഗത്ത് ഉപയോഗിക്കുന്ന ഒട്ടുമിക്ക ആയുധങ്ങളും പഴയ സോവ്യേറ്റ് കാലത്ത് വാങ്ങിച്ച് കൂട്ടിയവയാണ്. ലോകത്ത് അഞ്ചാം തലമുറ ആയുധങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യ്ത്തിലെത്തി നില്‍ക്കുമ്പോളാണ് ഇന്ത്യ ഇന്നും മൂന്നാം തലമുറയില് നില്‍ക്കുന്നതെന്നത് വസ്തുത തന്നെയാണ്. ഇതിന് ഒരു മാറ്റം വരുത്തുക എന്നത് ലക്ഷ്യം വച്ചാണ് അത്യന്താധുനിക ആയുധങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങളുമായും, വിവാദ കരാറിനു പുറമേ ഇസ്രായേലുമായും പല ആയുധ ഇടപാടുകളും ഇന്ത്യ ഈ ചുരുങ്ങിയ കാലത്തിനിടയ്ക്ക് നടത്തിയിട്ടുണ്ട്. ഇതിലൊന്നും ഉയര്‍ന്നു വന്നിട്ടില്ലാത്ത അഴിമതിയാരോപണം എന്തു കൊണ്ട് ഈ ഒരു കരാറില്‍ മാത്രം വരുന്നു. ക്രമ വിരുദ്ധമായി എന്തെങ്കിലും ഈ ഇടപാടില്‍ നടന്നിട്ടുണ്ടോ..? കരാറിനെക്കുറിച്ച് അല്ലെങ്കില്‍ ഇന്ത്യയുടെ വ്യോമപ്രതിരോധത്തിനായി ഇത്തരമൊരു മിസൈലിന്റെ ആവശ്യകതയെക്കുറിച്ചും ഒരു സംശയവും ആരും ഉയര്‍ത്തിയിട്ടില്ല. പക്ഷേ എന്നിട്ടും ഈ ഇടപാടില്‍ അഴിമതിയാരോപിക്കപ്പെടുന്നു. കരാറിന്റെ നടപടിക്രമങ്ങളില്‍ പലഘട്ടങ്ങളിലും ഉണ്ടായിരുന്ന വളരെ വ്യക്ത്മായ ക്രമക്കേടുകള്‍ തന്നെയാണ് ഈ ആരോപണങ്ങളെ ബലപ്പെടുത്തുന്നത്.
1) കരാറിലെ 6 ശതമാനം ബിസിനസ് ചാര്‍ജ്ജ്.
10000 കോടി രൂപയുടെ ഒരു കരാറില്‍ 6ശതമാനം തുക അതായത് 600 കോടി രൂപ ബിസിനസ് ചാര്‍ജ്ജ് ഇനത്തില്‍ നല്‍കിയ നടപടിയാണ് കരാറിലെ ഏറ്റവും സന്ദേഹമുണര്‍ത്തുന്ന ഘടകം. എന്താണ് ബിസിനസ് ചാര്‍ജ് എന്ന് വ്യക്തമായി വിശദീകരിക്കാന്‍ സര്‍ക്കരിന് പറ്റുന്നില്ല എന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത. ട്രാന്‍സ്പോര്‍ട്ടേഷന്‍, ഇന്‍ഷൂറന്‍സ്, വാരന്റി എന്നിവയാണ് ബിസിനസ് ചാര്‍ജ് ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഇത്ര ഭീമമായ തുക ഇക്കാര്യങ്ങള്‍ക്ക് വരുമോ എന്നതിനും, ഈ പറയുന്ന ഓരോന്നിനും എത്ര വീതമാണ് വകയിരുത്തിയത് എന്നതിനും മറുപടി പറയാന്‍ സര്‍ക്കാരിനാകുന്നില്ല. അത്തരം കണക്കുകള്‍ കരാറില്‍ കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.
2) ഇസ്രായേലിന്റെ വെളിപ്പെടുത്തല്‍
കരാറില്‍ ക്രമവിരുദ്ധമായി പലതും നടന്നിട്ടുണ്ട് എന്ന് ഏറ്റവും കൂടുതല്‍ സംശയം ജനിപ്പിച്ച ഘട്ടമാണ് ഇത്. 2009 ഫെബ്രുവരി 27നാണ് കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നത്. എന്നാല്‍ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത് ഒരുമാസം കഴിഞ്ഞ് മാര്‍ച്ച് 26ന്. ഒരു ദേശീയമാധ്യമം പുറത്തുവിട്ട വാര്‍ത്ത. ഏത് കരാറില്‍ ഒപ്പു വച്ചാലും അതിന് പ്രചുരപ്രചാരം കൊടുക്കാറുള്ള സര്‍ക്കാര്‍ എന്തിന് ഈ കരാര്‍ മാത്രം രഹസ്യമാക്കി വച്ചു. അത് പുറത്തായത് തോട്ടടുത്ത ദിവസമാണ്. ഇന്ത്യയില്‍ കരാര്‍ സംബന്ധിച്ച് വാര്‍ത്ത പുറത്തു വന്ന തൊട്ടടുത്ത ദിവസം മാര്‍ച്ച് 27ന് ഇസ്രായേല്‍ പ്രതിരോധ അധികൃതരും, കരാറിലൊപ്പുവച്ച IAIയും സംയുക്ത്മായി ജറുസലേമില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ച് കരാറിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തു വിടുന്നു. ഒപ്പം ഞട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലും ഇസ്രായേല്‍ അധികൃതര്‍ അന്ന നടത്തി. ഈ കരാര്‍ ഇത്രകാലവും രഹസ്യമായി വച്ചത് ഇന്ത്യയുടെ കര്‍ശനമായ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. ഒരു കാരണവശാലും ഈ തെരഞ്ഞെടുപ്പുകാലത്ത് ഇങ്ങിനെ ഒരു വാര്‍ത്ത പുറത്തു പോകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അത് എന്തുകൊണ്ട്...?
3) കരാറില്‍ ബിസിനസ് ചാര്‍ജ് നല്‍കിയെന്ന കോണ്‍ഗ്രസ് സ്ഥിരീകരണവും IAIയിലെ ഒരു ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും.
കരാര് സംബന്ധിച്ചും കരാറിലെ ബിസിനസ് ചാര്‍ജ് സംബന്ധിച്ചും ആദ്യമായി ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ വിശദീകരണം വന്ന ദിവസം. കരാറിന് 6 ശതമാനം ബിസിനസ് ചാര്‍ജ് ഇനത്തില്‍ ഇളവ് ചെയ്തു എന്ന് കോണ്‍ഗ്രസ് സമ്മതിക്കുന്നു. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംവിയാണ് പതിവ് കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം സംബന്ധിച്ച് ആദ്യമായി വിശദീകരിച്ചത്. കരാറിലെ അഴിമതി സാധ്യത കോണ്‍ഗ്രസ്സ് നിഷേധിച്ചുവെങ്കിലും ഭരണകക്ഷി എന്ന നിലയ്ക്ക് കരാറില്‍ ഒപ്പു വച്ച് ഒരുമാസത്തിനു ശേഷം ഇക്കാര്യത്തില്‍ വന്ന കോണ്‍ഗ്രസ്സിന്റെ ആദ്യ സ്ഥിരീകരണമായിരുന്നു ഇത്. ഒപ്പം അഴിമതിയാരോപണം ഉന്നയിക്കപ്പെട്ട് നാലു ദിവസങ്ങള്‍ക്കു ശേഷം മാത്രം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ അതുവരെ ഒരു പ്രതികരണവും വന്നിരുന്നില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. എന്നാല്‍ അതേ ദിവസമാണ് IAIയിലെ ഒരു ഉദ്യോഗസ്ഥന്‍ ഇസ്രായേലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ജറൂസലേം പോസ്റ്റില്‍’ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. “ഈ ഇടപാടില്‍ ബിസിനസ് ചാര്‍ജ് ഇനത്തില്‍ നല്‍കിയത് യധാര്‍ത്ഥത്തില്‍ 9 ശതമാനമായിരുന്നു. അതായത് 900 കോടി രൂപ. കണക്കുകളില്‍ ചേര്‍ക്കാന്‍ അത് 6 ശതമാനമാക്കി കാണിച്ചതാണ്.” ഇതിലും സര്‍ക്കാരിന് പക്ഷേ മറുപടിയില്ല.
4) DRDOയുടെ വിശദീകരണം ബാക്കിയാക്കുന്ന ആശങ്കകള്‍.
കരാറിലെ അസ്വാഭാവികത വെളിപ്പെടുത്തുന്ന കൂടുതല്‍ തെളിവുകളായിരുന്നു ഇത്. അഴിമതിയാരോപണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ തന്നെ നിര്‍ദ്ദേശത്തില്‍ DRDO പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പ്. അതിലെ തികച്ചും നിര്‍ദ്ദോഷമെന്ന് തോന്നിക്കുന്ന ഒരു വരിയാണ് സര്‍ക്കാരിനെ സംബന്ധിച്ച് കൂടുതല്‍ തലവേദനയായത്. കരാറിന്റെ പ്രാധമികഘട്ടത്തില്‍ കേന്ദ്ര നിയമമന്ത്രാലയവും, കേന്ദ്ര വിജിലന്‍സ് കമ്മീഷണറും, അഡീഷണല്‍ സോളിസറ്റര്‍ ജനറലും ഇതു സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്ന് അത് മറികടക്കാന്‍ വ്യോമസേനയെക്കൊണ്ട് ഇന്ത്യയുടെ വ്യോമപ്രതിരോധ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ് എന്ന് അടിയന്തര റിപ്പോര്‍ട്ട് തയാറാക്കിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നടപ്പാക്കിയത് എന്നാണ് DRDO പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പ് പറയുന്നത്. അതായത് കരാറിലെ ആശങ്കകള്‍ പരിഹരിക്കാന്‍ വ്യോമസേനയെ സര്‍ക്കാര്‍ ഉപയോഗിക്കുകയായിരുന്നു. വ്യോമപ്രതിരോധം കടുത്ത ഭീഷണി നേരിടുന്നുവെന്ന് തല്‍ക്കാലത്തേക്കെങ്കിലും വരുത്തി തീര്‍ക്കുകയായിരുന്നു.
5) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച Advance Air Defense Systom (AADS)വും, ആകാശ് മിസൈലും ഇതേ ശ്രേണിയില്‍ ഉണ്ട് എന്നിരിക്കെ ഇത്രയും ഭീമമായ തുകചിലവിട്ട് പുതിയ മിസൈലുകള്‍ വാങ്ങിക്കേണമായിരുന്നൊ? മികച്ച കാര്യ ശേഷിയാണ് സര്‍ക്കാര്‍ ഇതിന് പറയുന്ന ന്യായീകരണം. എന്നാല്‍ ഇന്ത്യയുടേ ഈ രണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങളും ഇസ്രായേലി മിസൈലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമില്ല എന്നതാണ് വസ്തുത. 60 മുതല്‍ 70 കിലോമീറ്റര്‍ വരെയാണ് AADSന്റെ ദൂര പരിധി. ആകാശിനാണെങ്കില്‍ 25മുതല്‍ 50 വരെയും ദൂരപരിധി ഉണ്ട്. പിന്നെ ഈ മിസൈലുകള്‍ക്ക് ഉള്ള ചില സാങ്കേതിക പ്രശ്നങ്ങള്‍. ഇപ്പോള്‍ ചിലവഴിച്ചതിന്റെ നാലിലൊന്ന് ചിലവിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നം മാത്രം. എന്നിട്ടും ഇന്ത്യ ഇവിടെ ഇസ്രായേലിന്റെ പിറകെ പൊയി. അധികൃതര്‍ അവകാശപ്പെടുന്നതു പോലെ കൂടുതല്‍ കാര്യ ശേഷിതേടിയാണ് എങ്കില്‍. അതിനെക്കാള്‍ മികച്ച ദൂരപരിധിയും, പ്രഹരശേഷിയും ഉള്ള മധ്യദൂര വ്യോമപ്രതിരോധ മിസൈലുകള്‍ നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ നിലവിലുണ്ട്. അമേരിക്കയുടേയും, റഷ്യയുടേയും, ഫ്രാന്‍സിന്റേയും പക്കല്‍ 150 മുതല്‍ 250വരെ കിലോമീറ്റര്‍ ദൂര പരിധിയുള്ള മിസൈലുകള്‍ ഉണ്ട്. എന്തുകൊണ്ട് അവയൊന്നും വാങ്ങിക്കുവാന്‍ ഇന്ത്യ തയ്യറായില്ല..? താരതമ്യേന കുറഞ്ഞ ശേഷിയുള്ള ഇസ്രായേല്‍ മിസൈല്‍ മതിയോ ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിന്..?
6)എസ്.എല്‍ സുര്‍വിയുടെ വെളിപ്പെടുത്തല്‍
പ്രതിരോധ വകുപ്പിലെ വിവാദമായ യുദ്ധമുറി രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 2007ല്‍ അറസ്റ്റിലായ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനാണ് വിംങ് കമാന്റര്‍ എസ്.എല്‍ സുര്‍വ്വി. ഇപ്പോള്‍ ഡ്ല്ഹിയില്‍ തീഹാര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥന്‍. തന്റെ നിരപരാധിത്തം ചൂണ്ടിക്കാട്ടി 2008 മാര്‍ച്ചില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോകസഭാ സ്പീക്കര്‍ സോമനാധ് ചാറ്റര്‍ജി, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, എന്നിവര്‍ക്ക് അയച്ച ഒരു എഴുത്ത്. അതിലെ ചില പരാമര്‍ശങ്ങള്‍ കരാറിന്റെ പ്രാരംഭ ഘട്ടം മുതല്‍ക്കു തന്നെ ഇതില്‍ ഗൂഢാലോചനകള്‍ നടന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. പ്രതിരോധ വകുപ്പിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമര്‍ശിക്കുന്ന ഈ എഴുത്ത്‍ ഇസ്രായേലിനു അനുകൂലമായി അന്നു തന്നെ ചില നീക്കങ്ങള്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. “2005ല്‍ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ വാങ്ങിക്കുവാന്‍ ഇന്ത്യ തീരുമാനിക്കുന്നു. ഇതു സംബന്ധിച്ച് പ്രാധമിക പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ വ്യോമസേന റിപ്പോര്‍ട്ട് നല്‍കി. ഇന്ത്യയ്ക്ക് ആവശ്യമായ വ്യോമപ്രതിരോധ മിസൈലിന് ചുരുങ്ങിയത് 150 കിലോമീറ്ററെങ്കിലും ദൂരപരിധി വേണമെന്ന് വ്യോമസേന നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്ന് പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ ദൂരപരിധി 70 കിലോമീറ്ററായി ചുരുക്കി. അന്ന് ലോക ആയുധ കമ്പോളത്തില്‍ ഇതിലും മികച്ച മിസൈലുകള്‍ ഉണ്ടായിരിക്കെ താരതമ്യേന ദൂര പരിധി കുറഞ്ഞ ഈ മിസൈലിനു വേണ്ടി ചില ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ഇസ്രായെലിനു വേണ്ടിയാണെന്ന് സംശയിക്കുന്നു.” 2008ല്‍ കരാര്‍ നടപടിക്രമങ്ങള്‍ ഏറെക്കുറെ അനിസ്ചിതാവസ്ഥയിലിരുന്ന ഒരു കാലത്ത് ഒരു മുന്‍ഉദ്യോഗസ്ഥന്‍ അദ്ദേഹം സര്‍വ്വീസിലിരുന്ന കാലത്തെ ചില ഗൂഢാലോചനകളെക്കുറിച്ചു നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇത്. ഒരു വര്‍ഷത്തിനു ശേഷം ഈ കരാറില്‍ അഴിമതിയാരോപിക്കപ്പെടുമ്പോള്‍ ക്രമവിരുദ്ധമായ പലതും ഇതില്‍ നടന്നു എന്ന സംശയങ്ങള്‍ ബലപ്പെടുത്തുന്നതു തന്നെയാണ് ഈ ആരോപണവും.
7) കേന്ദ്ര പ്രതിരോധ വിജിലന്‍സിന്റെ മാര്‍ഗ രേഖയുടെ ലംഘനം.
2008 ഒക്ടോബറില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിജിലന്‍സ് വിഭാഗം; സി.ബി.ഐ അന്വേഷണ പരിധിയിലുള്ള ഇസ്രായേല്‍ ആയുധ കമ്പനികളുമായുള്ള IAIയുമായും RAFAELഉമായും എങ്ങിനെയായിരിക്കണം തുടര്‍ന്നുള്ള കാലത്ത് ഇടപാടുകള്‍ എന്നത് സംബന്ധിച്ച് വിശദമായ ഒരു മാര്‍ഗരേഖ പുറത്തിറക്കി. ഇവരുമായുള്ള ഇടപാടുകളില്‍ ഒരു അന്വേഷണ സാധ്യത ഒഴിവാക്കുന്നതിനു വേണ്ടികൂടിയായിരുന്നു പ്രതിരോധ വിജിലന്‍സിന്റെ ഈ നടപടി. ഇതില്‍ വളരെ കൃത്യമായി പറയുന്ന 2 കാര്യങ്ങളുടെ ലംഘനമാണ് പിന്നെ കരാറില്‍ നടന്നിട്ടുള്ളത് എന്നത് ഏറെ ആശങ്കയ്ക്ക് ഇടവയ്ക്കുന്ന വസ്തുതയാണ്. ഈ രണ്ട് ഇസ്രായേല്‍ കമ്പനികളുമായി ഒരു കാരണവശാലും ഒറ്റടെണ്ടര്‍ ഇടപാടുകള്‍ പാടില്ല എന്നതായിരുന്നു വിജിലന്‍സ് മാര്‍ഗരേഖയിലെ എറ്റവും സുപ്രധാനമായ ഒരു നിര്‍ദ്ദേശം. ആഗോള ടെന്റര്‍ ആണെങ്കില്‍ ഈ കമ്പനികളെകൂടി ഉള്‍പ്പെടുത്താം. എന്നാല്‍ ഈ ടെന്ററുകള്‍ കൃത്യമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ മറ്റ് നടപടിക്രമങ്ങള്‍ തുടങ്ങാവൂ. മാത്രവുമല്ല ഈ കമ്പനികളുമായുണ്ടാക്കുന്ന ഏതു കരാറുകളും നിയമ വശം പൂര്‍ണ്ണമായും പരിശോധിച്ച് വിജിലന്‍സിന്റെ സമ്മത പത്രവും കൂടി വാങ്ങിച്ച ശേഷം മാത്രമേ മുന്നോട്ടു നീക്കാവൂ എന്നുമായിരുന്നു പ്രതിരോധ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഈ രണ്ട് നിര്‍ദ്ദേശങ്ങളും കരാര്‍ വേളയില്‍ സര്‍ക്കാര്‍ കാറ്റില്‍ പറത്തി. വിജിലന്സിന്റെ സമ്മത പത്രമില്ലതെ ഒറ്റടെന്ററായിത്തന്നെ സര്‍ക്കാര്‍ കരാറിലൊപ്പുവച്ചു.
ദുരൂഹതകള്‍ മാത്രം ബാക്കിയാക്കുന്ന നിരവധി വസ്തുതകള്‍. കരാറിലെ അഴിമതി വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍. അഴിമതി നടന്നിട്ടില്ല എന്ന പതിവു പല്ലവിക്കപ്പുറം, ഇവിടെ ഉന്നയിക്കപ്പെട്ട വസ്തുനിഷ്ഠമായ സംശയങ്ങള്‍ക്കൊന്നും മറുപടി പറയാനില്ലാത്ത സര്‍ക്കാര്‍. പ്രതിരോധ മന്ത്രി ആവര്‍ത്തിച്ച് പറയുന്നതും ഇതു തന്നെ കരാറില്‍ അഴിമതി നടന്നിട്ടില്ല. അഴിമതി തെളിഞ്ഞാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കും. ഇതല്ലാതെ കരാറുണര്‍ത്തുന്ന സന്ദേഹങ്ങള്‍ക്കൊന്നും ആന്റണിക്ക് മറുപടിയില്ല. മറ്റ് ചോദ്യങ്ങളില്‍ നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറുന്നു. ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രശ്നം ഇതാണ്. ഇന്ത്യയും ഇസ്രായേലുമായി ഉണ്ടാക്കിയ മധ്യദൂര വ്യോമപ്രതിരോധ മിസൈല്‍ (MRSAM) ഇടപാടില്‍ ക്രമവിരുദ്ധമായ പലതും നടന്നിട്ടുണ്ട് . എന്നാല്‍ അതിനര്‍ത്ഥം ഒരിക്കലും ഈ ഇടപാടില്‍ പ്രതിരോധമന്ത്രി അഴിമതി നടത്തി എന്നല്ല. ഈ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത് ഒരിക്കലും എ.കെ.ആന്റണി എന്ന വ്യക്തിക്കെതിരായിട്ടല്ല. പകരം കേന്ദ്രപ്രതിരോധ മന്ത്രാലയത്തിനെതിരായിട്ടാണ്. പ്രതിരോധ മന്ത്രി എന്ന നിലയ്ക്ക് ഈ ആരോപണങ്ങള്‍ക്കും, കരാറുമായി ഉയര്‍ന്നു വന്നിട്ടുള്ള ഓരോ സന്ദേഹങ്ങള്‍ക്കും മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാല്‍ ഇവിടെ കരാറില്‍ അഴിമതിയില്ല എന്ന് മാത്രം അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതാണ് കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പം കൂടുതല്‍ ബലപ്പെടുത്തുന്നത്.
കരാര്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുമ്പോള്‍
ഇന്ത്യകണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി എന്നതിനപ്പുറത്ത് വ്യക്തമായ ചില രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് തല്‍ക്കാലത്തേക്കെങ്കിലും ഈ വിവാദത്തെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത്. നേരത്തെ 1987ലാണ് ആദ്യമായി പ്രതിരോധ രംഗത്തെ അഴിമതിയുടെ ഭൂതം ആവേശിക്കുന്നത്. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് നടന്ന ബൊഫോര്‍സ് ആയുധ ഇടപാട്. ഇന്ത്യ അന്നോളം കണ്ട ഏറ്റവും വലിയ അഴിമതി. 64 കോടി രൂപയുടെ അഴിമതി. ആ അഴിമതിയാരോപണം ഉയര്‍ന്നു വന്ന് 22 വര്‍ഷം പിന്നിട്ടതിനിടയ്ക്ക് ഉണ്ടായിട്ടുള്ള മറ്റ് വന്‍ അഴിമതികള്‍. ആ ആഴിമതികളെയെല്ലാം കടത്തിവെട്ടിക്കോണ്ട് ഇന്ത്യാ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ഒരു അഴിമതിയാരോപണമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. 600 കോടിയുടെ അഴിമതിയാരോപണം. നേരത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെതിരെ 64 കോടിയുടെ അഴിമതിയാരോപിക്കപ്പെട്ടപ്പോള്‍ ആ സര്‍ക്കരിനെ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വെരോടെ ചുഴറ്റിയെറിഞ്ഞ ഒരു പാരമ്പര്യം ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട്.എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നു മാത്രം ഓര്‍ക്കുക. ഇത്ര വലിയ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഇത് ഒരുപക്ഷേ കേരളത്തില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടുന്നു. ദേശീയതലത്തിലിത് സി.പി.എമ്മിനപ്പുറം മറ്റാരും തിരിഞ്ഞു നോക്കുന്നില്ല. മുന്‍പ് രാജീവ് ഗാന്ധി മറിച്ചിടാന്‍ ധീരഘോരം ദേശീയതലത്തില്‍ ബൊഫേര്‍സ് ഇടപാടിനെതിരെ കൊടിപിടിച്ച ബി.ജെ.പി. ഇവിടെ എന്തു ചെയ്തു. കോണ്‍ഗ്രസിനെതിരെ എന്തിനും ഏതിനും അഴിമതി ആരോപിക്കാറുള്ള ബിജെപി ഇക്കാര്യത്തില്‍ ഒരു വാര്‍ത്താ കുറിപ്പു പോലും ഇതുവരെ ഇറക്കിയിട്ടില്ല. അഴിമതിയാരോപണം ഉയര്‍ന്നു കഴിഞ്ഞ് 5 ദിവസങ്ങള്‍ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിജെപി വകതാവ് പ്രകാശ് ജാവ്ഡേകര്‍ പറഞ്ഞ ഒരു ഒറ്റവരി മറുപടി അതു മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ഇക്കാര്യത്തില്‍ ബിജെപിയുടെ പ്രതികരണം. കരാറില്‍ ഗുരുതരമായ അഴിമതി നടന്നു. ഇതേക്കുറിച്ച് ബിജെ.പി ഇപ്പോള്‍ പഠിച്ചു വരികയാണ്. വിശദമായ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ബിജെ.പി. ഔദ്യോഗികമായി പ്രതികരിക്കും. ഇതായിരുന്നു പ്രകാശ് ജാവദേക്കറുടെ മറുപടി. പിന്നീട് രണ്ട് ദിവസത്തിനു ശേഷം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍.കെ അദ്വാനി ഒരിക്കല്‍കൂടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ജാവ്ദേക്കര്‍ പറഞ്ഞ പല്ലവി ആവര്‍ത്തിച്ചു. കഴിഞ്ഞു ഇക്കാര്യത്തില്‍ ബിജെപിയുടെ ഔദ്യോഗിക പ്രതികരണം. എന്തായാലും ഇതുവരെയായും പ്രശനം പഠിച്ചു തീര്‍ന്നിട്ടില്ല ബി.ജെ.പി. എന്തുകൊണ്ട് ബിജെപി വിഷയത്തില്‍ വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല. ഇക്കാര്യത്തില്‍ ബിജെപി അവലംബിക്കുന്ന മൌനത്തിന്റെ അര്‍ത്ഥമെന്ത്..? ലളിതമാണ് ഇതിനുത്തരം. 2000ത്തില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ജോര്‍ജ്ജ് ഫര്‍ണ്ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെ കത്തിപ്പടര്‍ന്ന മറ്റൊരു അഴിമതിയാരോപണം. ഇതേ ഇസ്രായേലി കമ്പനിയുമായി അന്ന് നടന്ന മിസൈല്‍ ഇടപാട്. ഇപ്പോള്‍ സി.ബി.ഐ അന്വേഷിച്ചു വരുന്ന ബരാക്ക് മിസൈല്‍ ഇടപാട്. ഈ ഇടപാടിലെ പാപക്കറ ഇനിയും നീങ്ങിയിട്ടില്ല എന്നത് തന്നെയാണ് ബിജെ.പിയുടെ ഇപ്പോഴത്തെ മൌനത്തിന് അര്‍ത്ഥം. ഒപ്പം ഒരര്‍ത്ഥത്തില്‍ ബിജെപി നടത്തിയ പഴയ ഇടപാടിന്റെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴത്തേത് എന്നുകൂടി മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ അഴിമതിക്കെതിരെ പോയാല്‍ തങ്ങളുടെ കാലത്ത് നടന്ന അഴിമതിയെകൂടി അത് ബാധിക്കുമെന്ന് ബിജെപി ഭയക്കുന്നു. ഇപ്പോള്‍ നടന്നു വരുന്ന സി.ബിഐ അന്വേഷണത്തെകൂടി അത് ബാധിക്കും എന്ന് ബിജെപി ആശങ്കപ്പെടുന്നു.
സിപി.എമ്മാണ് കരാരിനെതിരെ തുടക്കം തൊട്ട് രംഗത്ത് വന്ന ഏക പാര്‍ട്ടി. അഴിമതിയാരോപണം പുറത്തു വന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സി.പി.എം പോളിറ്റ്ബ്യൂറോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിറക്കി. പോളിറ്റ്ബ്യൂറോ അംഗം സീതാറാം യച്ചൂരിയുടെ വാര്‍ത്താ സമ്മേളനം. കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കരാര്‍ നിര്‍ത്തിവച്ച് സി.ബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് സി.പി.എം ആവശ്യപ്പെട്ടു. ഒപ്പം കരാറിന്റെ പ്രാരംഭ ഘട്ടം തൊട്ട് കരാറിനെതിരെ അന്ന് യു.പി.എയുടെ ഭാഗം കൂടിയായിരുന്ന സി.പി.എം നടത്തി എന്നവകാശപ്പെടുന്ന ചില അവകാശവാദങ്ങളും. ഇസ്രായെലിനോട് സി.പി.എമ്മിനുള്ള പതിവ് എതിര്‍പ്പിനപ്പുറത്ത് ഈ ഇടപാട് എറ്റെടുക്കാന്‍ ഇപ്പോള്‍ സിപി.എമ്മിനെ പ്രേരിപ്പിച്ചഘടകമെന്ത്. ഒപ്പം കേരളത്തില്‍ മാത്രം ഇതിനെ സി.പി.എം ഒരു വിഷയമാക്കുന്നത് എന്തുകൊണ്ട്. ദേശീയതലത്തില്‍ മൂന്നാമുന്നണി നേതാക്കളേ സംഘടിപ്പിച്ച് നടത്തുന്ന ഒരു തെരഞ്ഞെടുപ്പ് റാലികളില്‍ പോലും ഒരു സി.പി.എം നേതാവും ഈ അഴിമതിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. എന്നാല്‍ കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ 20 മണ്ഡലങ്ങളില്‍ മാത്രം ഇത് ചര്‍ച്ച ചെയ്യപ്പെടുന്നു. കവലകള്‍ തോറുമുള്ള തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ഓരോ പാര്‍ട്ടി സഖാവും വീറും വാശിയും പ്രകടിപ്പിക്കുന്നത് ഇസ്രായേലി ആയുധ ഇടപാടിലെ അഴിമതിയെചൊല്ലി. വ്യക്തമാണ് സി.പി.എം നിലപാട്. ലാവലിന്‍ അഴിമതിയെ നേരിടാന്‍ ഒരു ഉപാധി എന്നതിലപ്പുറം മറ്റൊന്നുമല്ല സി.പി.എമ്മിന്റെ ഇക്കാര്യത്തിലെ രാഷ്ട്രീയം. നേരത്തെ ലാവലിന്‍ വിഷയത്തില്‍ സിബിഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. ഇപ്പോള്‍ ഇസ്രായേലി ആയുധക്കരാര്‍ സിബിഐക്ക് വിടണമെന്നാണ് സി.പി.എം നിലപാട്. ഈ ഘട്ടത്തില്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന സംശയം ഇതാണ്; ലാവലിന്‍ കേസില്‍ സി.ബിഐയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട സി.പി.എമ്മിന് എങ്ങിനെ ഈ ഒരു ആരോപണത്തിലെത്തി നില്ക്കുമ്പോള്‍ അത് തിരിച്ചു കിട്ടുന്നു..? എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം? പിണറായി വിജയനെതിരെ ഉയര്‍ന്ന ലാവലിന്‍ അഴിമതി എങ്ങിനെ നേരിടണമെന്ന ആശങ്കയായിരുന്നു ഇക്കാലമത്രയും സിപി.എമ്മിന്. എന്നാല്‍ അതിനിടയില്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ ഒരു കച്ചിതുരുമ്പാണ് സി.പി.എമ്മിന് ഇപ്പോള്‍ ഈ അഴിമതിയാരോപണം. അതില്‍ പിടിച്ച് കരകയറാം എന്നാണ് ഇപ്പോള്‍ പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ അങ്ങാടി നിലവാരത്തില്‍ മാത്രം ഈ കരാര്‍ നിറഞ്ഞു നില്‍ക്കുന്നതും ഇതുകൊണ്ട് തന്നെ.
ഇതൊക്കെയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ദൌര്‍ഭാഗ്യാവസ്ഥ. ചരിത്രത്തിലിന്നോളം കണ്ടിട്ടുള്ളതില്‍ വന്ന ഏറ്റവും വലിയ അഴിമതി ആരോപണം വരുമ്പോളും ഈ അവസ്ഥ മാറുന്നില്ല എന്നതാണ് സത്യം. 600 കോടിയുടെ ഒരു അഴിമതി ആരോപണം ഉയര്‍ന്നു വരുമ്പോള്‍ അതിന്റെ യാഥാര്‍ത്ഥ്യം എന്താണ് എന്ന് അന്വേഷിക്കാന്‍ പോലും ആരും ശ്രമിക്കുന്നില്ല. പകരം യാഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വച്ച് കോണ്ട് തികച്ചും രാഷ്ട്രീയമായി മാത്രം ഇതിനെ സമീപിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. വസ്തുതകള്‍ക്കപ്പുറത്ത് താല്‍ക്കാലിക ലാഭങ്ങള്‍ മാതമാണ് ഇപ്പോള്‍ ഇതിനെ എറ്റെടുത്തവര്‍ക്ക് പോലും ഉള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.