ആസ്സാം. പുരാണത്തോളം പഴക്കമുള്ള നാട്. രാജസൂയത്തിനായുള്ള പടയോട്ടത്തില്‍ അര്‍ജുനന്‍ ഭഗദത്തനെ തോല്‍പ്പിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച പ്രാഗ്ജ്യോതിഷമെന്ന പ്രദേശം. പുരാണം പിന്നിട്ട് 4ആം നൂറ്റാണ്ടില്‍ സമുദ്രഗുപ്തന്റെ കാലത്ത് പഴയ പ്രാഗ്ജ്ജ്യോതിഷം കാമരൂപമായി. ആരെയും മോഹിപ്പിക്കുന്ന നാട്. പക്ഷേ ഇന്ന് കഥമാറി. ഇന്നത്തെ ആസാം പഴയ കാമരൂപിയല്ല. ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന നാടായി മാറി ഇത്. അസ്വസ്ഥതകള്‍ പുകയുന്ന നാട്. പൊട്ടി ത്തെറികളുടെ നാട്. പഴയ കാമരൂപത്തിന്റെ മുഖം പുറം നാട്ടുകാര്‍ക്കിന്ന് വികൃതമായേ കാണാന്‍ പറ്റുന്നുള്ളൂ. ഭീകരവാദം ഒരു നാടിനെ എത്രമാത്രം വികൃതമാക്കും എന്നു മനസിലാക്കാന്‍ ആസാമിന്റെ ഉള്‍ഞെരമ്പുകളിലെക്കിറങ്ങി ചെല്ലെണ്ട. പകരം ഈ നാടിന്റെ ഹൃദയത്തിലേക്ക് ചെല്ലുക. ഗുവാഹത്തിയിലേക്ക്. തകര്‍ന്ന നഗരം. വളരാന്‍ തുടങ്ങിയപ്പോളെല്ലാം ഭീകരവാദം വിലങ്ങു തടിയിട്ട നഗരം. ജീവനും സ്വത്തിനും സുരക്ഷയില്ലാതെ വീര്‍പ്പുമുട്ടുന്ന ഒരു ജനത. ഇവര്‍ ഒരിക്കല്‍കൂടി പോളിങ്ങ് സ്റ്റേഷനിലേക്ക് നീങ്ങുകയാണ്. വിധിയെഴുതാന്‍. സ്വസ്ഥമായ ജീവിതത്തിനു വിലങ്ങുതടിയാകുന്നവര്‍ക്കെതിരെ വിധിയെഴുതാന്‍. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് കാലത്ത് മറ്റേതു വിഷയത്തേക്കാളുമുപരി ആസാമില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഭീകരവാദം.
എഴുപതുകളുടെ അവസാനത്തിലാണ് അസാമില്‍ വിഘടനവാദം തലപൊക്കി തുടങ്ങിയത്. ആസ്സാമില്‍ കുടിയേറിപ്പാര്‍ക്കുന്ന ബംഗ്ലാദേശി പൌരന്മാരെ അവിടെ നിന്ന് കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യഘട്ടത്തില്‍ ആസാമിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുത്ത പ്രക്ഷോഭ പരമ്പരകള്‍. സമാധാനമായി തുടങ്ങിയ ഈ പ്രതിഷേധങ്ങള്‍ വളര്‍ന്ന് സംഘര്‍ഷഭരിതമായി. രക്തരൂക്ഷിതമായി. ഇടയ്ക്കെപ്പോളോ അതിന് തീവ്രവാദത്തിന്റെ രൂപം വച്ചു. ബോഡോ ഭീകരവാദമായി അത് വളര്‍ന്നു. പ്രത്യേക ബോഡോ സംസ്ഥാനം വെണമെന്നാവശ്യപ്പെട്ട് ബോഡോ വിഘടന വാദികള്‍ സംസ്ഥാനത്തഴിച്ചുവിട്ട നരനായാട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉറക്കം കെടുത്തി. ഏതാണ്ട് ഇതേകാലത്ത് തന്നെ ആസാമില്‍ മറ്റൊരു തീവ്രവാദ സംഘടനകൂടി വളര്‍ന്നു വന്നു. ഒരുപക്ഷേ ഇന്ന് ബോഡോ തീവ്രവാദികളെക്കാള്‍ അധികൃതരുടെ ഉറക്കം കെടുത്തുന്ന യുനൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് എന്ന ULFA. പട്ടാളത്തേയും പോലീസിനേയും നിരന്തരം ലക്ഷ്യം വച്ച് ഉള്‍ഫ നടത്തിയ ആക്രമണങ്ങള്‍ ജനജീവിതം സ്തംഭിപ്പിച്ചു. 1986ല്‍ കേന്ദ്ര സര്‍ക്കാര്‍ ആസാമിനെ പ്രശ്ന ബാധിത മേഖലയായി പ്രഖ്യാപിച്ചു. പട്ടാളം അസാമില്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ടു. അന്നു തൊട്ട് തുടങ്ങിയ ഏറ്റുമുട്ടലുകള്‍. ഇല്ലാതായത് ആയിരക്കണക്കിന് ജീവനുകള്‍. ഇടക്കാലത്ത് വെടി നിര്‍ത്തല്‍ പ്രഖാപിച്ച് പിന്നണിയിലേക്ക് മാറിയ ഉള്‍ഫ തീവ്രവാദികള്‍ 2004ല്‍ വീണ്ടും തലപൊക്കി. സ്ഫോടനപരമ്പരകളുടെ നാടായി പിന്നെ ആസാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ആസ്സാമിനെ പിടിച്ചു കുലിക്കിയത് 56 സ്ഫോടനങ്ങള്‍. 200 ലേറെ മരണം. 500ലേറെ പേര്‍ക്ക് പരിക്ക്. ഇതു കൊണ്ടും തീരുന്നില്ല കണക്കുകള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രം 6 പൊട്ടിത്തെറികള്‍. ഇതില്‍ 5ഉം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ.
ഇത്തരം കണക്കെടുപ്പുകളില്‍ പക്ഷേ ആസാം ജനതയ്ക്ക് ഇന്ന് താല്പര്യമില്ല. കുറെയേറെ തവണ അവര്‍ ഈ കണക്കെടുപ്പുകള്‍ കണ്ടുകഴിഞ്ഞു. കടലാസില്‍ മാത്രമൊതുങ്ങുന്ന കണക്കെടുപ്പ്. അവര്‍ക്ക് വേണ്ടത് സ്വസ്ഥതയാണ്. സമാധാനമാണ്. ആരുതരും അത്. ആസാം വിധിയെഴുത്തിനൊരുങ്ങിക്കഴിഞ്ഞു. 2 ഘട്ടങ്ങളിലായാണിത്തവണ ആസാമില്‍ വിധിയെഴുത്ത്. ആകെ 14 ലോകസഭാ മണ്ടലങ്ങള്‍. സംഘര്‍ഷ സാധ്യത കൂടുതലുള്ള മൂന്നിടത്ത് ആദ്യഘട്ട തെരെഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ 16ന്. ബാക്കി 11 ഇടത്ത് രണ്ടാം ഘട്ടമായി ഏപ്രില്‍ 23നും. ഉള്‍ഫ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്കയാണ്. അതിനാല്‍ വിധിയെഴുത്ത് സേനയുടെ തോക്കിന്‍ കുഴലുകളുടെ കാവലിലാണ്. ആസാമി ജനതയ്ക്ക് ഇത് പക്ഷേ തരുണ്‍ ഗോഗോയ് സര്‍ക്കാരിനെതിരെകൂടിയുള്ള വിധിയെഴുത്താണ്. സ്വസ്ഥ ജീവിതം ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ.
ഭീകരവാദം കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് വികസനം തന്നെ. കാര്യമായ നേട്ടങ്ങളൊന്നും തരുണ്‍ ഗോഗോയ് സര്‍ക്കാരിന് ഇക്കാലയളവില്‍ ഉണ്ടാക്കുവാനായിട്ടില്ല. എതിരാളികള്‍ അക്കമിട്ട് നിരത്തുന്നതും ഈ വിഷയങ്ങളാണ്. പൊതുജനാരോഗ്യം, നഗര വികസനം, ഗ്രാമീണ വികസനം, വിദ്യാഭ്യാസം, പൊതു വിതരണ സമ്പ്രദായം, അടിസ്ഥാന സൌകര്യങ്ങള്‍ ഇങ്ങിനെ സമസ്ഥ മേഖലകളിലും കഴിഞ്ഞ കാലയളവില്‍ സംസ്ഥാനത്ത് കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭീകരവാദത്തിന്റെ രാഷ്ട്രീയത്തിനൊപ്പം ഇതു കൂടിയാകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല കോണ്‍ഗ്രസ്സിന്. പൊതുവിലുള്ള ഈ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ജനവിശ്വാസം എങ്ങിനെ തിരിച്ചു പിടിക്കുമെന്നറിയാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് നട്ടം തിരിയുകയാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പൊതുവില്‍ നിലനില്‍ക്കുന്ന ഇത്തരം ജനവികാരം പരമാവധി മുതലെടുക്കുവാന്‍ എതിര്‍പക്ഷത്ത് ബി.ജെ.പിയും ആസാം ഗണ പരിഷത്തും(AGP) ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ പതിനാലില്‍ 9 സീറ്റും വാരിക്കൂട്ടി മികച്ച പ്രകടനം കാഴ്ച വച്ച കോണ്‍ഗ്രസിന് ഇത്തവണ നില പരുങ്ങലിലാണ്. എന്നാല്‍ എ.ജിപിയും ബിജെപിയും ആത്മവിശ്വാസത്തിലാണ്. 2 വീതം സീറ്റുകളാണ് കഴിഞ്ഞ തവണ ഇരു പാര്‍ട്ടികളും സംസ്ഥാനത്ത് നേടിയത്. മുന്‍ കാലങ്ങളിലേതു പോലെ വേറിട്ടു നിന്നാല്‍ ഫലമില്ലെന്ന തിരിച്ചറിവില്‍ ഒരുമിച്ചാണ് ഇരു കൂട്ടരും ഇത്തവണ അങ്കത്തിനിറങ്ങുന്നത്. ആകെയുള്ള 14 സീറ്റില്‍ 8 ഇടത്ത് ബി.ജെ.പിയും ബാക്കി 6 ഇടത്ത് എ.ജി.പിയും മത്സരിക്കുന്നു. 2004ല്‍ 9 സീറ്റു നേടിയ കോണ്‍ഗ്രസ്സിന് അന്ന് സംസ്ഥാനത്ത് കിട്ടിയത് ആകെ 35.07 ശതമാനം വോട്ടുകള്‍. ഏ.ജി.പി.ക്കും ബി.ജെ.പിക്കും താരതമ്യേന കുറവായിരുന്നു വെങ്കിലും ഇരുപാര്‍ട്ടികളുടേതും ചേര്‍ന്നാല്‍ മൊത്തം വോട്ടുകളുടെ 43 ശതമാനത്തിലേറെ വരും ഇത്‍. ഇത്തവണ സംസ്ഥാനത്ത് ഇരുവരേയും ഒരുമിപ്പിച്ച ഘടകവും ഇതു തന്നെ. എന്തായാലും പൊതു ശത്രുവിനെ ഇക്കുറി എളുപ്പം മലര്‍ത്തിയടിക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇവര്‍.
ദേശീയ തലത്തില്‍ ഈ തെരഞ്ഞെടുപ്പുകാലത്തെ പ്രധാന ചര്‍ച്ച വിഷയമായ മൂനാം മുന്നണി ഇത്തവണ ആസാമിലും സാനിധ്യമറിയിക്കുന്നുണ്ട്. വലിയ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും സംസ്ഥാനത്തിത്തവണ ഒന്നിച്ചു നിന്നാല്‍ ചെറു നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് ഇവര്‍ കണക്കു കൂട്ടുന്നു. ആസാം യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രന്റിന്റെ നേതൃത്വത്തിലാണ് പുതിയ മുന്നണി പടയ്ക്കിറങ്ങുന്നത്. ഒപ്പം ഇടതു പാര്‍ട്ടികളുമുണ്ട് എന്‍.സി.പിയുമുണ്ട് ഈ കൂട്ടയ്മ്മയില്‍. കോണ്‍ഗ്രസിനും. ബിജെപിക്കും ഒരു മൂന്നാം ബദല്‍ തേടുന്നവര്‍ തങ്ങളെ ഇത്തവണ തുണയ്ക്കുമെന്ന് തന്നെ ഇവര്‍ കണക്കു കൂട്ടുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന തിരിച്ചറിവുകൂടി ഇവര്‍ക്കിവിടെ പ്രത്യാശ പകരുന്നുണ്ട്.
തെരഞ്ഞെടുപ്പിനു മുന്‍പ് നടന്ന ചില സര്‍വ്വേകളുടെ ഫലങ്ങളും കോണ്‍ഗ്രസ്സിനത്ര സുഖകരമായ കണക്കുകളല്ല നല്‍കുന്നത്. കഴിഞ്ഞ തവണ 14ല്‍ ഒന്‍പതും നേടി തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസ്സിത്തവണ 5ല്‍ താഴെ ഒതുങ്ങിപ്പോയേക്കുമെന്നാണ് ആസ്സാം ട്രിബ്യൂണ്‍ അടക്കമുള്ള ചില മാധ്യമങ്ങള്‍ നടത്തിയ തെരഞ്ഞെടുപ്പു സ്ര്വ്വേഫലങ്ങള്‍ വ്യക്ത്മാക്കുന്നത്. മറുവശത്ത് ഒറ്റക്കെട്ടായി ഗോദ്ദായിലിറങ്ങുന്ന എ.ജി.പി ബി.ജെ.പി സഖ്യം മികച്ച നേട്ടമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് സര്‍വ്വേ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ ഉണ്ടാക്കുന്ന തലവേദന മറികടക്കാന്‍ കനത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സ്. ആസാമില്‍ നിന്നുള്ള രാജ്യസഭാ എം.പി കൂടിയായ പ്രധാനമന്ത്രി മന്മോഹന്‍ സിങിനെയടക്കം പ്രചാരണത്തിനിറക്കി ഒരു കൈ പയറ്റി നോക്കാമെന്ന് കോണ്‍ഗ്രസ്സ് കണക്കുകൂട്ടുന്നു. എന്നാല്‍ ഇതൊന്നും പൊതുവിലുള്ള അവസ്ഥ മറികടക്കുന്നതല്ല എന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് എ.ജി.പി, ബി.ജെപി. സഖ്യം. ഒപ്പം ഭീകരവാദത്തിനെതിരായി വിധിയെഴുതാന്‍ ഒരുങ്ങുന്ന ആസാമി ജനത തങ്ങളെ തുണയ്ക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. അതെന്തായാലും ഒന്നുറപ്പ് ആസാമിലിത്തവണ ഭീകരവാദത്തിനെതിരെ തന്നെയാകും വോട്ടെടുപ്പ്. ഭീകരവാദത്തെ നേരിടാന്‍ ആരാണ് കൂടുതല്‍ പ്രാപ്തര്‍ എന്ന് ജനങ്ങള്‍ തീരുമാനിക്കും. വിധിയെഴുത്ത്. അതിജീവനത്തിനു വേണ്ടിയുള്ള വിധിയെഴുത്ത്.
Subscribe to:
Post Comments (Atom)
2 comments:
good article osv
xcellent writting....
Post a Comment