Tuesday, April 7, 2009

ചെരിപ്പേറിന്റെ രാഷ്ട്രീയം.

ആത്മാധിമാനത്തിന്റെ ആള്‍ രൂപങ്ങളാണ് സിഖുമത വിശ്വാസികള്‍. അതിനേല്‍ക്കുന്ന ഒരു ചെറുപോറല്‍ പോലും ഒരു നീറ്റലായി കാലങ്ങളോളം കൊണ്ടു നടക്കുന്നവര്‍. രാജ്യം പലതവണ കണ്ടതാണ് അത്. ആദ്യം സ്വാതന്ത്ര്യ സമരകാലത്ത്. ജാലിയന്‍ വാല ബാഗിലെ കൂട്ടക്കൊല ആസൂത്രണം ചെയ്ത ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഡയര്‍ കൊല്ലപ്പെട്ടത് 21 വര്‍ഷങ്ങള്‍ക്ക് ശേഷം. നീറിപ്പുകയുന്ന മനസുമായി കാലങ്ങളോളം കാത്തിരുന്നു നടത്തിയ പ്രതികാരം. പിന്നെ 1984ല്‍. അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന പട്ടാള ഓപ്പറേഷന്‍. വിഘടന വാദികളെ തുരത്താന്‍ ക്ഷേത്രത്തിനകത്ത് പട്ടാള ടാങ്കുകള്‍ കയറിയിറങ്ങിയപ്പോള്‍ വീണ്ടും സിഖ് മനസിലേറ്റ ഒരു നീറ്റലായി അത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ച നീറ്റലായിരുന്നു അത്. പിന്നീട് ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് വിരുദ്ധകൂട്ടക്കൊലയ്ക്ക് കൂടി അത് കാരണമായി എന്നതും ചരിത്രം. അതേ ചരിത്രം ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് ഒരിക്കല്‍കൂടി നീറിപ്പുകയുകയാണ്. ആ നീറ്റല്‍ ഇത്തവണ പ്രകടിപ്പിക്കപ്പെട്ടത് ഒരു ചെരുപ്പേറിന്റെ രൂപത്തിലാണെന്നുമാത്രം.

പഴയ സിഖ് വിരുധകലാപമന്വേഷിച്ച നാനാവതി കമ്മീഷന്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത ജഗദീഷ് ടൈറ്റ്ലറെ സി.ബി.ഐ കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒരിക്കല്‍ കൂടി സിഖ് വികാരം ഉണര്‍ന്നു. മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനോട് ഇറാഖിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ച അതേ രീതിയില്‍. ചെരുപ്പേറിന്റെ രാഷ്ട്രീയം. ജഗദീഷ് ടൈറ്റ്ലര്‍ക്കനുകൂലമായ സി.ബി.ഐയുടെ നടപടി ഈ തെരഞ്ഞെടുപ്പുകാലത്ത് പഞ്ചാബി ജനത ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സി.ബി.ഐയെ വിലയ്ക്കെടുക്കുന്നു എന്ന ഒരു പൊതു വികാരമാണ് ഇക്കാര്യത്തില്‍ സിഖ് മതവിശ്വാസികള്‍ക്കുള്ളത്. അതിനെതിരെയുള്ള ഒരു സ്വാഭാവിക പ്രതിഷേധം തന്നെയായിരുന്നു ആഭ്യന്തരമന്ത്രി ചിദംബരത്തിനെതിരായി ജര്‍ണ്ണാല്‍ സിങിന്റെ നടപടി. ജര്‍ണ്ണാല്‍ സിങ്ങിന്റെ പ്രതിഷേധം പഞാബിന്റെ മൊത്തത്തിലുള്ള പ്രതിഷേധം തന്നെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പിന്നെ ഡല്‍ഹിയില്‍ നടന്ന സിഖ് പ്രതിഷേധ പ്രകടനം. അഞ്ഞൂറിലേറെ സിഖ് മത വിശ്വാസികള്‍ അണിനിരന്നു പ്രകടനത്തില്‍. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനെതിരെ തന്നെയായിരുന്നു ഇത്.


ഭീകരവാദത്തിനെതിരെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അവതരിപ്പിക്കാനുദ്ദേശിക്കുന്ന കര്‍മ്മ പദ്ധതികളുടെ പ്രകാശന ചടങ്ങ്. നയപ്രഖ്യാപനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങള്‍ക്ക് മറുപടി പറയുന്ന ആഭ്യന്തരമന്ത്രി. ഇടയ്ക്ക് ജര്‍ണ്ണേല്‍ സിങിന്റെ ഊഴം. സി.ബി.ഐ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയത് ആഭ്യന്തരമന്ത്രിയുടെ കൂടി അറിവോടെയാണോ എന്നും കോണ്‍ഗ്രസ് സി.ബിഐയെ സ്വാധീനിച്ചില്ലെ എന്നും ചോദ്യം. സി.ബി.ഐ. ഒരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയാണെന്നും, അതില്‍ ഇടപെടേണ്ടകാര്യമില്ല എന്നും ആഭ്യന്തരമന്ത്രിയുടെ മറുപടി. ഒപ്പം കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാ‍ണെന്നും. കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചിദംബരം മറുപടി പറഞ്ഞു. ഇതില്‍ തൃപ്തനാകാത്ത ജര്‍ണ്ണാല്‍ സിങ്ങ് അടുത്ത ചോദ്യമിട്ടു. ഇനി തര്‍ക്കത്തിനില്ലെന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി ഈ ചോദ്യത്തില്‍‍ നിന്ന് ഒഴിഞ്ഞുമാറി. പ്രകോപിതനായ ജാണ്ണേല്‍ സിങ് താനിതില്‍ പ്രതിഷേധിക്കുന്നു എന്ന് പറഞ്ഞ് ഷൂസ് ഊരി ചിദംബരമിരിക്കുന്നതിനടുത്തേക്ക് എറിയുന്നു. പകച്ച് നില്‍ക്കുന്ന മാധയ്യമപ്പട.


വര്‍ഷങ്ങളായി നീറിപ്പുകയുന്ന സിഖ് വികാരത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത് എങ്കിലും ഈ ചെരുപ്പേറിലുമുണ്ട് ഒരു രാഷ്ട്രീയം. ഈ തെരഞ്ഞെടുപ്പുകാലത്ത് വെറുമൊരു ചെരിപ്പേറിന് കൈവരുന്ന അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയം. നീറുന്ന സിഖ് മനസുകള്‍ ഉറ്യര്‍ത്തിവിടുന്ന രാഷ്ട്രീയം. ഇതുതന്നെയാകും ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസിനിത്തവണ നേരിടേണ്ടി വരിക. ജഗദീഷ് ടൈറ്റ്ലറും പഴയ സിഖ് കൂട്ടക്കൊലയുമൊക്കെ ഒരു ദിവസം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും സുപ്രധാനമായ ചര്‍ച്ചാവിഷയങ്ങളിലൊന്നായി പരിണമിക്കുകയാണ്. ഈ രാഷ്ട്രീയം തന്നെയാണ് ജര്‍ണ്ണേല്‍ നിങ്ങിന്‍ രണ്ടര ലക്ഷം പ്രതിഫലം പ്രഖ്യാപിക്കുകവഴി അകാലി ദള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഇറാഖില്‍ അമേരിക്കന്‍ പ്രസിഡന്റിനു നേരെ ചെരുപ്പെറിഞ്ഞ മാധ്യമപ്രവര്‍ത്തകന് മൂന്നു വര്‍ഷം തടവ് ലഭിക്കുമ്പോള്‍ ഇവിടെ ആഭ്യന്തരമന്ത്രിയെ ചെരിപ്പെറിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ ഒരു ജനവിഭാഗത്തിന്റെ മൊത്തം നായകനായി വാഴ്ത്തപ്പെട്ടതും ഈ രാഷ്ട്രീയത്തിന്റെ ഫലം തന്നെ.


7 comments:

othallurvasu said...

ithu nannayi

raju said...

my dear boy,you can't forget the reasons which lead indira gandhi to take action against sikh militants in amritsar.she showed her courage through it,which our political leaders lack very much now a days.if such a leader became a victim of a terrorist organisation,how the ordinary party workers bear it???there is no doubt that whatever happend to the great sikhs were very bad.but you have to think about that the sikhs are also to be blamed for their miserable happenings.

കടത്തുകാരന്‍/kadathukaaran said...
This comment has been removed by the author.
കടത്തുകാരന്‍/kadathukaaran said...

സിഖുകാര്‍ക്കു നേരെയുണ്ടായ ആക്രമണം തികച്ചും വേദനാജനകം തന്നെയാണ്, അത് ഏതൊക്കെ കാരണങ്ങളാലാണ്‍ ഉണ്ടായതെങ്കിലും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണ്.

എങ്കിലും, ചിദംബരത്തിനു നേരെ എന്തുകൊണ്ട് ഇത്തരമൊരു പ്രതിഷേധം ഉണ്ടായി? ടൈറ്റ്ലര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കുറ്റവിമുക്തനാവാന്‍ പാടില്ലേ? ചരിത്രപരമായ ഒരു പാശ്ചാത്തലം ഇതിനുണ്ട്, സിഖുകാര്‍ക്കെതിരായുണ്ടായ കലാപം ഒരു ഗൂഡാലോചനയുടെ ഭാഗമാണെന്ന് അന്വാഷണവിഭാഗം വിശ്വസിക്കുന്നില്ല. കാലിസ്ഥാന്‍ വാദത്തെ അടിച്ചമര്‍ത്തി ഇന്ത്യയുടെ ദേശീയതക്കുവേണ്ടി ധീരമായി നിന്നത്തിനാണ്‍ ഇന്ദിരാ ഗാന്ധ്ഹി രക്തസാക്ഷിത്തം വരിക്കേണ്ടി വന്നത്, അതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകോപിതരായി എന്നതാണ്‍ വസ്തുത. ഒരു സിഖുകാരനാണ്‍ കൊലപാതകം ചെയ്തത് എന്നതു കൊണ്ടല്ല, മറിച്ച്, സിഖ് കലാപം അടിച്ചമര്‍ത്തി രാജ്യ സുരക്ഷ നിലനിര്‍ത്തി എന്നതും സുവര്‍ണ്ണ ക്ഷേത്രത്തില്‍ കയറി അതിനുള്ളിലൊളിച്ച ഭീകരരെ കൊലപ്പെടുത്തി എന്നതും ഇതിനു പിന്നിലുള്ള വികാരമാണ്.

കേസില്‍ സംശയിക്കപ്പെടുന്നവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയോ ഒഴിവാക്കപ്പെടുകയോ സാധാരണമണ്. മറ്റൊരു കാര്യം സി ബി ഐയുടെ വെളിപ്പെടുത്തലിന്‍റെ സമയമാണ്. തിരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം വെളിപ്പെടുത്താലുകള്‍ സിഖുകാരെ കോണ്‍ഗ്രസ്സുപാര്‍ട്ടിയില്‍ നിന്ന് അകറ്റുക മാത്രമേ ചെയ്യൂ എന്നുള്ളത് കേന്ദ്ര സര്‍ക്കാരും സി ബി ഐയും ഒത്തു കളിച്ചു എന്ന വാദത്തെ ഏറെ ദുര്‍ഭലപ്പെടുത്തുന്നു.

സിഖുകാരല്ലാം ഈയൊരു സംഭവത്തോടെ കോണ്‍ഗ്രസ്സ് വിരുദ്ധരായി എന്ന് നിരീക്ഷണം വസ്തുതാ വിരുദ്ധമാണ്, ചെരുപ്പെറിഞ്ഞ പത്രപ്രവര്‍ത്തകന്‍ തന്നെ പറഞ്ഞത് ഞാന്‍ കോണ്‍ഗ്രസ്സിനെതിരല്ല, ചെയ്തത് തെറ്റ് തന്നെയാന്‍ എന്നാണ്..

പുടയൂര്‍ said...

പ്രിയ കടത്തുകാരാ...
ഇവിടെ ഈ പോസ്റ്റിലൂടെ ഞാന്‍ ഒരാളുടേയും പക്ഷം ചേരുകയോ, അല്ലെങ്കില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ചെയ്തതല്ല.
സംഭവിച ഓരോ കാര്യവും ചരിത്രമണ്. അക്കൂട്ടത്തിലൊരു ചരിത്രം തന്നെയാണ് കഴിഞ്ഞ ദിവസം നടന്നതും. അതിന് നേരിട്ട് സാക്ഷിയാകേണ്ടി വന്ന ഒരു മാധ്യമ പ്രവര്‍ത്ത്കനായിട്ടാണ് ഞാന്‍ ഇവിടെ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഇതിലൂടെ കോണ്‍ഗ്രസിനേയോ ജഗദീഷ് ടൈറ്റ്ലറേയോ ഇകഴ്ത്തുകയല്ല ഞാന്‍ ചെയ്യുന്നത്.

ഒപ്പം ആ മാധ്യമ പ്രവര്‍ത്തകന്‍ ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കുകയുമല്ല. ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കലും ഒരു ആക്ടിവിസ്റ്റാ‍കരുത്. അതല്ല അവന്റെ തൊഴില്‍. പകരം എന്തു സംഭവിച്ചു എന്നത് അത് കാണാത്തവര്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുക എന്നത് തന്നെയാണ്. അതിനാല്‍ തന്നെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പ്രസ്തുത റിപ്പോര്‍ട്ടര്‍ ചെയ്ത പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.

പക്ഷേ ഇവിടെ ഞാന്‍ ഈ കുറിപ്പിലൂടെ ഉദ്ദേശിച്ചത് മറ്റൊന്നാണ്. ഇത് തെരഞ്ഞെടുപ്പുകാലമാണ്. ഇ ഘട്ടത്തില്‍ എന്ത് സംഭവവും പരിണമിക്കുക സ്വാഭാവികമായും മറ്റൊരു തലത്തിലാണ്. അതായത് അതിലെ രാഷ്ട്രീയ്മാണ് ചര്‍ച്ച ചെയ്യപ്പെടുക. അതു തന്നെയാണ് ഞാന്‍ ഇവിടെ ഉദ്ദേശിച്ചത്. ആ മാധ്യമ പ്രവര്‍ത്തകനിലെ സിഖ് മത് വിശ്വാസി നടത്തിയ ഒരു സ്വാഭാവിക പ്രതികരണം. അതാണ് ആ ചെരുപ്പേറില്‍ എത്തിച്ചത്. അല്ലാതെ ആ ചെരുപ്പ് എറിയപ്പെടുന്നതു വരെ അതിനു രാഷ്ട്രീയമുണ്ടായിരുന്നില്ല. എറിയപ്പെട്ടതോടെ ആ ചെരുപ്പിനു വന്ന, അല്ലെങ്കില്‍ ആ പ്രവര്‍ത്തിക്ക് ചാര്‍ത്തപ്പെട്ട സ്വാഭാവികമായ രാഷ്ട്രീയ പരിവേഷം. അത് ഈ തെരഞ്ഞെടുപ്പുകാലത്ത് ചെര്‍ച്ച ചെയ്യുന്ന രീതി. ഒരൊറ്റ ദിവസം കൊണ്ട് 25 വര്‍ഷം മുന്‍പ് നടന്ന ഒരു കാലാപം വീണ്ടും തെരഞ്ഞെടുപ്പു വിഷയമാകുന്നത്. അതെല്ലാമാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.

എന്തൊക്കെ പറഞ്ഞാലും ഒന്നുറപ്പാണ്. ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതു തന്നെയായിരിക്കും. അത് ഒരു വസ്തുതയാണ്. അതു ഇന്ന് കാലത്ത് കണ്ടതു തന്നെയാണ്. പഞ്ചാബില്‍ സിഖ് മത വിസ്വാസികള്‍ തീവണ്ടി തടഞ്ഞു. പ്രക്ഷോഭം കത്തി പടരുകയാണ്. ഒരു തെരഞ്ഞെടുപ്പ് വിഷയം ഇവിടെ തല്‍ക്കാല്‍ത്തേക്കെങ്കിലും സെറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ജഗദീഷ് ടൈറ്റ്ലറെ സ്ഥാനാര്‍ത്ഥിത്വതില്‍ നിന്ന് നീക്കുന്നതിനെക്കുറിച്ച് പോലും കോണ്‍ഗ്രസ് ഇപ്പൊള്‍ ആലോചിക്കുന്നു.അതൊക്കെയാണ് ഇതിലെ രാഷ്ട്രീയം. അതു തന്നെയാണ് ഞാന്‍ ഈ കുറിപ്പിലൂടെ പറ്യാന്‍ ഉദ്ദേശിച്ചത്.

മിടുക്കന്‍ said...

ഈ തിരെഞ്ഞെടുപ്പ് കാലത്തു തന്നെ, ജഗദീഷ് ടൈറ്റ്ലറെ കുറ്റ്വിമുക്തനാക്കുന്നതില്‍ സി.ബി.ഐ കാണിച്ച താല്പര്യം, ബി.ജെ. പി യുടെ ഹിഡണ്‍ അജന്‍ഡയുമായി കൂട്ടിവായിക്കേണ്ടതില്ലേ ?

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടിട്ട് ഇതെത്രാമെത്തെ തിരഞ്ഞെടുപ്പാണ് അന്നൊന്നും ഇല്ലാത്തത് ....

പാവപ്പെട്ടവന്‍ said...

കോണ്‍ഗ്രസ് സി.ബി.ഐയെ വിലയ്ക്കെടുക്കുന്നു എന്ന ഒരു പൊതു വികാരമാണ്

വര്‍ഷങ്ങളായി നീറിപ്പുകയുന്ന സിഖ് വികാരത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു അത് എങ്കിലും ഈ ചെരുപ്പേറിലുമുണ്ട് ഒരു രാഷ്ട്രീയം..ഇതിലും വലിയ ഒരു പ്രതിഷേധം .പഞാബിന്റെ മൊത്തത്തിലുള്ള പ്രതിഷേധം തന്നെയായിരുന്നു ഇത്.മനോഹരം ആശംസകള്‍