Sunday, April 5, 2009

പശ്ചിമ ബംഗാള്‍; ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി.


പശ്ചിമ ബംഗാള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി തുടരുന്ന മേല്‍ക്കോയ്മ്മ ഇന്നും തുടരുകയാണ് ബംഗാളില്‍. എന്നാല്‍ പതിവിനു വിരുദ്ധമായി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ശ്രദ്ധ പതിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. പശ്ചിമ ബംഗാളെന്ന ചെങ്കോട്ടയില്‍ സി.പി.എമ്മിന് അടിപതറുമോ..? ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനും, ബിജെ.പിക്കും ഒരു മൂന്നാം ബദലെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പെടാപ്പാടുപെടുന്ന സി പി എമ്മിനതിനു സാധിക്കുമൊ..? ഈ ചോദ്യങ്ങള്‍ക്കുത്തരം തേടുന്നവരുടെയെല്ലാം കണ്ണുകള്‍ ചെന്നെത്തി നില്‍ക്കുന്നത് പശ്ചിമബംഗാളില്‍ തന്നെ. ബംഗാളില്‍ സി.പി.എമ്മിനടിപതറില്ല എന്ന് പാര്‍ട്ടി സഖാക്കളാവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇത്തവണ് ഈ പ്രഖ്യാപനങ്ങള്‍ക്ക് അത്ര ആത്മ വിശ്വസമില്ല എന്നത് വസ്തുതയാണ്. സംസ്ഥാനത്ത് ഇടതു കക്ഷികള്‍ക്ക് ഗണ്യമായിത്തന്നെ സീറ്റുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം രഹസ്യമായെങ്കിലും പാര്‍ട്ടി സഖാക്കള്‍ സമ്മതിക്കുന്നുമുണ്ട്. അങ്ങിനെ വന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ദേശീയ രാഷ്ട്രീയത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായിരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് ഏല്‍ക്കുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയാകുമത്. അതെന്തായാലും സി.പി.എം നേരിടുന്ന ചരിത്രപരമായ ഈ വെല്ലുവിളിതന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിനെ ശ്രദ്ധേയമാക്കുന്നത്. നന്ദിഗ്രാമിലെ വെടിവയ്പ്പിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്, സിങ്കൂരില്‍ നിന്ന് കുടിയിറങ്ങിയ ടാറ്റായുടെ നാനോ ബാക്കി വയ്ക്കുന്ന ആശങ്കകള്‍, കോണ്‍ഗ്രസ്സും, മമതയും കൈകോര്‍ത്ത് സംസ്ഥാനത്ത് അവതരിപ്പിക്കുന്ന പുതിയ തെരെഞ്ഞെടുപ്പ് സമവാക്യം. എന്തായാലും ആശ്ങ്കകള്‍ മാത്രമാണ് സി.പി.എമ്മിനിത്തവണത്തെ തെരെഞ്ഞെടുപ്പ് കാലം നല്‍കുന്നത്.
മുന്‍പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥയാണ് ഇത്തവണ ബംഗാളില്‍ സി.പി.എം നേരിടുന്നത്. ഇതിനെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് വിശേഷിപ്പിക്കുന്നത് തെറ്റല്ല എന്ന് സി.പി.എം പോലും വിശ്വസിക്കുന്നു. പലതാണ് സി.പി.എമ്മിന്റെ ചങ്കിടിപ്പ് കൂട്ടുന്ന ഘടകങ്ങള്‍. നന്ദിഗ്രാമിലെ കൃഷിയിടങ്ങള്‍ തൊട്ട് തുടങ്ങുന്നു ഈ വെല്ലുവിളികള്‍. നന്ദിഗ്രാമിലെ കൃഷിഭൂമികളില്‍ വെടിയേറ്റുവീണ കര്‍ഷകരുടെ ചോരപുരണ്ട മണ്ണില്‍ സി.പി.എമ്മിന് ഇത്തവണ കാലിടറുമോ..? ആശങ്കകള്‍ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് അടുത്തിടെ ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം. ചെങ്കൊടിക്ക് വേരോട്ടമുള്ള ഈ മണ്ണില്‍ മമതയും കൂട്ടരും പാര്‍ട്ടി സഖാക്കളെ മലര്‍ത്തിയടിച്ചത് വന്‍ഭൂരിപക്ഷത്തിലാണ് എന്നതുകൂടി അറിയുമ്പോള്‍ സി.പി.എം ആശങ്കകള്‍ അസ്ഥാനത്തല്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാകും. കര്‍ഷകപ്രസ്ഥാനങ്ങളുടെ ഈ ചുവന്നമണ്ണില്‍ കര്‍ഷകര്‍ സി.പീമ്മിനെ തള്ളിപ്പറഞ്ഞ് തുടങ്ങിയിരിക്കുന്നു. ചെങ്കൊടിക്കുകീഴില്‍ ആത്മാഭിമാനത്തോടെ അണിനിരന്ന ഇവിടത്തെ ജന സാമാന്യം ഇപ്പോള്‍ ചെങ്കൊടിയെ അകറ്റി നിര്‍ത്തുന്നു. എന്ത് പറഞ്ഞ് ഈ മുന്‍പാര്‍ട്ടി സഖാക്കളെ തിരികെ കൊണ്ടുവരണമെന്നറിയാതെ നന്ദിഗ്രാമിലെ കണ്ണെത്താത്ത് വിസ്തൃതിയുള്ള നെല്പാടങ്ങളില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ന് സി.പി.എം.

നന്ദിഗ്രാമില്‍ നിന്ന് സിങ്കൂരിലെത്തുമ്പോളും മറിച്ചൊരു ചിത്രമല്ല കാണാനാവുക. എല്ലാം നഷ്ടപ്പെട്ടവെരെപ്പോലെ ഇവിടെയുമിത്തവണ സി.പി.എം പോരിനിറങ്ങുകയാണ്. അടവുനയങ്ങള്‍ അടിയറവു വയ്ക്കേണ്ടി വരുമോ എന്ന ആശങ്കയില്‍. ഒന്നും തിട്ടപ്പെടുത്താനാകുന്നില്ല ഇവിടെ പാര്‍ട്ടിക്ക്. മറുഭാഗത്ത് ഉപതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ ജയം മമതാബാനര്‍ജിയെ വാനോളം ഉയര്‍ത്തുകയാണ്. നേരത്തെ സിങ്കൂരിലെ ടാറ്റാ ഫാക്ടറിക്കുമുന്നില്‍ സമരമിരിക്കാന്‍ ആളെ കിട്ടാത്തകാലമുണ്ടായിരുന്നു മമതയ്ക്ക്. പുറത്തുനിന്ന് ആളെയിരക്കി സമരം നടത്തേണ്ടി വന്ന കാലം. എന്നാലിന്ന് കഥ മാറി. സിങ്കൂരെന്നാല്‍ മമതയാണിന്ന്. പകച്ചു നില്‍ക്കുന്ന സിപി.എമ്മിന് പക്ഷേ പിടിച്ചു നില്‍ക്കാന്‍ കച്ചിതുരുമ്പ് പോലുമില്ല സിങ്കൂരില്‍. ടാറ്റാ പടിയിറങ്ങി. ഒപ്പം മികച്ച സംരംഭക സൊഹൃദ സംസ്ഥാനമാക്കി പശ്ചിമ ബംഗാളിനെ വള്ര്ത്തുക എന്ന സി.പി.എമ്മിന്റെ സ്വപ്നവും. എല്ലാത്തിനും ഹേതുവായത് സിങ്കൂര്‍ എന്ന ഒരു കൊച്ചു ഗ്രാമവും. നഷ്ടങ്ങള്‍ മാത്രം ബാക്കി. ചരിത്രപരമായ ഈ സമസ്യയെ നേരിടാനൊരുങ്ങുകതന്നെയാണ് സി.പി.എമ്മിപ്പോള്‍.

ഇതിനു മുന്‍പ് ബംഗാളില്‍ സി.പി.എം ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് രാജീവ് ഗാന്ധിയുടെ കാലത്തായിരുന്നു. ബംഗാളിനെ കമ്മ്യൂനിസ്റ്റ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജീവ് ഗാന്ധി അന്ന് ബംഗാളിലവതരിപ്പിച്ച രാഷ്ട്രീയ സമവാക്യങ്ങളെ സി.പി.എം ഫലപ്രദമായി നേരിട്ടു. പാര്‍ട്ടി ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളികളെ അതിജീവിച്ചു. പക്ഷേ അന്നത്തെ ചെറുത്തു നില്‍പ്പിന് പാര്‍ട്ടിക്ക് പിന്തുണയായി നിന്ന പലഘടകങ്ങളുമുണ്ടായിരുന്നു. ഒന്ന് പാര്‍ട്ടി എന്ന നിലയിലുള്ള കെട്ടുറപ്പ്. ആഞ്ഞടിച്ചാ‍ലും ഇളകിപ്പോകാത്ത അടിയുറപ്പ്. ജ്യോതിബസു എന്ന രാഷ്ട്രീയ അതികായന്റെ വ്യക്തിപ്രഭാവം. എന്നാല്‍ ഇന്ന് ഇത്തരം ഘടകങ്ങളൊന്നും ആശ്വാസം പകരുന്നില്ല. വിഭാഗീയത കേരളത്തിലേതുപോലെ മറനീക്കി പുറത്തു വന്നിട്ടില്ല എങ്കില്പോലും പരോക്ഷമായി പാര്‍ട്ടിക്ക് ഇതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതൊന്നുമല്ല. താഴെതട്ടു മുതല്‍ക്കു തന്നെ ഈ വെല്ലുവിളി പ്രകടമാണ് എന്നതും പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ പരിഹരിച്ച് പടനയിക്കാന്‍ പറ്റിയ ഒരു ജന ‍നായകന്‍ ഇപ്പോളില്ല എന്നത് സി.പി.എം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ‍പ്രായാധിക്യം ജോതിബസുവിനെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. ഈ നഷ്ടം എത്രവലുതെന്നുകൂടി മനസിലാക്കുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിനും, മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ഇന്നും ജ്യോതിബസുവിനോളം ജനപിന്തുണയില്ല എന്നത് ചരിത്രപരമായ വസ്തുത തന്നെയാണ്.

അബ്ദുള്ള കുട്ടിമാര്‍ സിപി.എമ്മിന് കേരളത്തില്‍ മാത്രമല്ല തലവേദന സൃഷ്ടിക്കുന്നത് എന്നതും മറ്റൊരു വസ്തുതയാണ്. കേരളത്തില്‍ അബ്ദുള്ളകുട്ടി എന്താണോ അതുതന്നെയാണ് ബംഗാ‍ളില്‍ അബു മണ്ഡല്‍. രണ്ടുപേരും പാര്‍ട്ടിക്ക് അനഭിമതരായി പുറത്ത് പോകേണ്ടി വന്നവര്‍. ഒപ്പം മറുചേരിയില്‍ ചേര്‍ന്ന് പാര്‍ട്ടിക്ക് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നവര്‍. കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടുന്നത് ഒറ്റയ്ക്കായിരുന്നെങ്കില്‍ അബു മണ്ഡലിന്റെ പോക്ക് അങ്ങിനെയല്ല എന്നതാണ് പാര്‍ട്ടിക്ക് ആശങ്ക പകരുന്ന മറ്റൊരു വസ്തുത. ഒപ്പം ഒരുപറ്റം ന്യൂനപക്ഷ വോട്ടുകള്‍ കൂടി അബു മണ്ടലിനൊപ്പം പാര്‍ട്ടിക്ക് നഷ്ടമായി. ഖത്വാ മണ്ഡലത്തില്‍ നിന്ന് നിലവില്‍ എം.പിയായ അബുമണ്ഡല്‍ പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായിട്ട് കാലം കുറച്ചായി. ഒടുവില്‍ ഇത്തവണ സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം പാര്‍ട്ടി ഓഫീസിന്റെ പ്ടിയിറങ്ങിയത്. ചെന്നു കയറിയത് ഇരുകയ്യും നീട്ടി ബംഗാളി ജനതയെ ഒന്നടങ്കം മാടി വിളിക്കുന്ന മമതയുടെ കൂടാരത്തിലേക്ക്. എന്തായാലും മുസ്ലീം വോട്ടുകള്‍ കൊഴിഞ്ഞു പോകാതിരിക്കാന്‍ പെടാപാടു പെടുന്ന പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് അബു മണ്ഡലിന്റെ കൂറ്റുമാറ്റം.

മമതാ ബാനര്‍ജ്ജി തന്നെയാണ് ഇത്തവണ പശ്ചിമ ബംഗാളിലെ താരം. കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യങ്ങളുടെയെല്ലാം പോര്‍മുന മമത തന്നെ. മുന്‍പ് രാജീവ് ഗാന്ധിയുടെ നിര്‍ദ്ദേശത്തില്‍ സി.പീമ്മീനെതിരായി കോണ്‍ഗ്രസ്സ് നയിച്ച സമരപരമ്പരകളുടെ തുടര്‍ച്ചയാണ് മമത . സമര വീര്യം സിരകളില്‍ തുടിക്കുന്ന വ്യക്തിത്വം. നേതൃപാടവത്തിന്റെ ബംഗാളി തനിമയുള്ള സ്ത്രീരൂപം. മമതാ ബാനര്‍ജ്ജി തയ്യാറെടുക്കുകയാണ് പാര്‍ട്ടി സഖാക്കളെ അവരുടെ കോട്ടയില്‍ തന്നെ മലര്‍ത്തിയടിക്കാന്‍. ചുരുങ്ങിയത് സി.പി.എമ്മിനെ പകുതി സീറ്റുകളിലേക്കെങ്കിലുമൊതുക്കാനാകുമെന്ന് അവര്‍ ‍കണക്കുകൂട്ടുന്നു. അതിനുള്ള തന്ത്രങ്ങളുടെ അവസന മിനുക്കുപണിയും അവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒപ്പം കോണ്‍ഗ്രസ്സിന്റെ കൂടി പിന്തുണ കിട്ടുമ്പോള്‍ ഇത്തവണ മമതയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ഛ കൂടുമെന്ന വിലയിരുത്തലിലാണ് പൊതുവില്‍ രാഷ്ട്രീയ നിരീക്ഷകര്‍. ആകെയുള്ള 42 സീറ്റുകളില്‍ 28 ഇടത്ത് മമതയുടെ തൃണമുല്‍ കോണ്‍ഗ്രസ്സും ബാക്കി 14 ഇടത്ത് കോണ്‍ഗ്രസ്സും മത്സരിക്കുന്നു. ചരിത്ര നേട്ടം പടി വാതുക്കലെന്നാണ് മമതയുടെ വിലയിരുത്തല്‍. വലിയ ഒരു അട്ടിമറിക്ക് കാര്യമായ സാധ്യത ഇല്ല എങ്കിലും ഇടത് മേല്‍ക്കോയ്മ്മയ്ക്ക് കനത്ത് ഭീഷണി സൃഷ്ടിക്കാന്‍ എന്തായാലും ഇത്തവണ മമതയ്ക്കാവും. ഇടതു കൂട്ടായ്മയുടെ അങ്കബലം മുന്‍ കാലങ്ങളിലെതില്‍ നിന്ന് പകുതിയെങ്കിലുമാക്കി ചുരുക്കാനും ചിലയിടങ്ങളിലെങ്കിലും അട്ടിമറികള്‍ സൃഷ്ടിക്കാനും ആകുമെന്ന് മമത് കണക്കുകൂട്ടുന്നു. ബംഗാളി ഭദ്രാലോകിന്റെയും, മഹേശ്വതാ ദേവിയെപ്പോലുള്ള പല പ്രമുഖരുടേയും പിന്തുണ ഇത്തവണ മമതയ്ക്കൊപ്പമെന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ വാര്‍ത്തകളല്ല . ഒപ്പം പ്രണാബ് മുഖര്‍ജിയുടെ നേതൃതത്തിലുള്ള കോണ്‍ഗ്രസ്സിനും ഇത്തവണ പതിവിലും കൂടുതല്‍ വീറും വാശിയുമുണ്ട്. ബംഗാളിലെ ഇടത് ഭരണത്തിന്റെ 30 വര്‍ഷത്ത്ന്റെ കണക്കെടുപ്പു നടത്തി ഓരോ വീഴ്ചകളും എണ്ണിയെണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഖര്‍ജ്ജി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദ്ദായിലിറങ്ങുന്നത്. ഒപ്പം കഴിഞ്ഞ 3 പതീറ്റാണ്ടുകാലമായി വിദ്യാഭ്യാസം, ക്രമസമാധാന പാലനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തൊഴിലില്ലായ്മ്മ പരിഹരിക്കല്‍ ആരൊഗ്യരംഗത്തെ വികസനം തുടങ്ങി അടിസ്ഥാന കാര്യങ്ങളില്‍ എല്ലാം ബംഗാള്‍ പിറകോട്ട് പോകുന്നു എന്ന് സമര്‍ത്ഥിക്കുവാനും പ്രണാബ് മടിക്കുന്നില്ല. ഇവയെല്ലാം ഇത്തവണ ബംഗാളില്‍ വിധിയെഴുതുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


എന്തായാലും സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരുഘട്ടമാണ് ഈ കടന്നു പോകുന്നത്. ഇക്കാര്യം ബംഗാളിലെ ജനസാമാന്യം പോലും സമ്മതിക്കുന്നുമുണ്ട് ഇപ്പോള്‍. അതിനാല്‍ തന്നെ പശ്ചിമബംഗാളില്‍ ഇത്തവണ വിധിയെഴുത്ത് സി.പി.എമ്മിനുകൂടിയാണ്. ഈ കടുത്ത വെല്ലുവിളി സി.പി.എമ്മിന് അതി ജീവിക്കേണ്ടത് ഇതുകൊണ്ട് തന്നെ പരമ പ്രധാനവുമാണ്. അതിനാല്‍ ചരിത്രപരമായ ഈ വെല്ലു വിളിയെ ചരിത്രപരമായ വിജയമാക്കുവാനാണ് ഇപ്പോള്‍ സി.പി.എം ഒരുങ്ങുന്നത്. പൊതുവില്‍ നിലനില്‍ക്കുന്ന അനുകൂല തരംഗം പരമാവധി മുതലെടുക്കാന്‍ മമതയുടെയും പ്രണാബിന്റെയും നേതൃത്വത്തിലുള്ള മറുപക്ഷവും തയാറെടുത്തു കഴിഞ്ഞു. അതിനാല്‍ത്തന്നെ ബംഗാളിലിത്തവണ തെരെഞ്ഞെടുപ്പില്‍ തീപാറുമെന്നുറപ്പ്. അങ്ങിനെ വന്നാല്‍ ചരിത്രപരമായ ഒരു മത്സരം കൂടിയാകുമത്. കാത്തിരിക്കാം ഫലമറിയാന്‍ മെയ് 16 വരെ.

No comments: